അമേരിക്കയിലെ ലാസ്വേഗാസില് ചൂതാട്ട കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം;24 പേര്‍ക്ക് പരിക്ക്
ലാസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമാണ് യു.എസിലെ ലാസ് വേഗസ്. ഇവിടുത്തെ മാന്‍ഡലെ ബേ റിസോര്‍ട്ടിലും കാസിനോയിലുമായാണ് വലിയ വെടിവയ്പുണ്ടായത്. . കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങളിലൂടെ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സ്ഥലത്തെത്തിയ പൊലീസ് ഹോട്ടല്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സംഭവ സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.
ലാസ്വേഗാസിലെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് മാന്‍ഡാലേ ബേയില്‍, റൂട്ട് 91 ഹാര്‍വെസ്റ്റ് എന്ന പേരില്‍ നടക്കുന്ന സംഗീതോല്‍സവത്തിന്റെ അവസാന ദിനമായിരുന്നു ഞായറാഴ്ച. ഇത് മൂലം കൂടുതല്‍ ആളുകള്‍ റിസോര്‍ട്ടിലെത്തിയിരുന്നു. ആക്രമണത്തില്‍ പരിഭ്രാന്തരായ ആള്‍ക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
രണ്ടു പേര് ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.