ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് സീമ വര്‍മ്മ പരിഗണനയില്‍?
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ടോം പ്രൈസ് രാജിവെച്ച ഒഴിവിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ സീമ വര്‍മ്മയുടെ പേര് സജീവ പരിഗണനയില്‍.
മെഡി കെയര്‍, മെഡിക്കെയ്ഡ് സര്‍വീസിന്റെ അഡ്മിനിസ്ട്രേറ്ററായി ട്രംപ് നിയമിച്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ച സീമ വര്‍മ്മ യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി സഹകരിച്ച് മെഡിക്കെയ്ഡ് വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ട്രംപ് ഉള്‍പ്പടെ എല്ലാവരുടേയും പ്രത്യേക പ്രശംസ നേടിയിരുന്നു.
വെള്ളിയാഴ്ച ടോം പ്രൈസ് രാജി സമര്‍പ്പിച്ചതോടെ അടുത്ത ഹെല്‍ത്ത് സെക്രട്ടറി ആരാണെന്നുള്ള ചര്‍ച്ചകള്‍ വാഷിംഗ്ടണില്‍ സജീവമാണ്.
‘ഒബാമ കെയര്‍’ പിന്‍വലിച്ച് പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി പാസാക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത വര്‍ഷമെങ്കിലും ഒബാമ കെയര്‍ പിന്‍വലിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കണമെന്ന പ്രതീക്ഷയിലാണ് ട്രംപ്.
ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ സ്‌കോട്ട് ഗോട്ട്ലിമ്പിനേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മൈക്ക് പെന്‍സിന്റെ ഏറ്റവും അടുത്ത വിശ്വസ്ത എന്ന നിലയില്‍ സീമ വര്‍മ്മയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നു കരുതുന്നു.