ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയും ഷാമിയും പുറത്ത്, നെഹ്റ, ധവാന്‍ തിരിച്ചെത്തി
നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയത്തിന് ശേഷം ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പര കളിച്ച ടീമില്‍ നിരവധി മാറ്റങ്ങളുമായാണ് 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആശിഷ് നെഹ്‌റ ടീമില്‍ തിരിച്ചെത്തിയതും ഏകദിന പരമ്പരയില്‍ നാലു അര്‍ധ സെഞ്ചുറി നേടി മിന്നുന്ന ഫോമിലായിട്ടും അജിങ്ക്യാ രഹാനെയെ ഒഴിവാക്കിയതുമാണ് ടീമിലെ പ്രധാന മാറ്റം. ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ശീഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക് എന്നിവരും ടീമിലെത്തിയപ്പോള്‍ റിഷഭ് പന്തിനെയും സുരേഷ് റെയ്‌നയെയും പരിഗണിച്ചില്ല.
ഏകദിന പരമ്പരയില്‍ ഒരു മത്സരം മാത്രം കളിച്ച മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവരെയും ട്വന്റി-20 ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന അശ്വിന്‍, ജഡേജ എന്നിവരെ ഇത്തവണയും പരിഗണിച്ചില്ല. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ തന്നെയാണ് ടീമിലെ സ്പിന്നര്‍മാര്‍. ബൂമ്രയും ഭുവനേശ്വര്‍ കുമാറും നെഹ്‌റയുമാണ് ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍.
ഒക്ടോബര്‍ ഏഴിന് റാഞ്ചിയിലാണ് ആദ്യ ട്വന്റി-20 മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 10-ന് ഗോഹട്ടിയിലും 13-ന് ഹൈദരാബാദിലുമാണ് രണ്ടും മൂന്നും മത്സരങ്ങള്‍.
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍, ആശിശ് നെഹ്റ, അക്ഷര്‍ പട്ടേല്‍.