ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: പരോള്‍ തേടി ശശികല

ബെംഗളൂരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല പരോള്‍ അപേക്ഷ നല്‍കി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ ചൂണ്ടി കാണിക്കുന്നത്. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍ ഉള്ളത്.

അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ നില ഗുരുതരമായതോടെയാണ്  നടരാജനെ കാണുന്നതിനായി 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് ശശികല കോടതിയെ സമീപിച്ചിട്ടുള്ളത്. കരള്‍ രോഗമുള്‍പ്പെടെയുള്ള രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള 74കാരനായ നടരാജന് കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ തോഴിയായിരുന്ന ശശികല, ജയലളിതയുടെ മരണത്തോടെയാണ് അണ്ണാ ഡി.എം.കെയുടെ അധികാരം പിടിച്ചെടുക്കുന്നത്. എന്നാല്‍ ജയലളിതയും ശശിലകലയും പ്രതി ചേര്‍ക്കപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിധി വന്നതോടെ ശശികലക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതിന് പിന്നാലെയാണ് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വരുന്നത്.

ജയിലില്‍ ശശികലക്ക് പ്രേത്യേക പരിഗണ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഡി.ഐ.ജി. ഡി രൂപ നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നേരത്തെ വിവാദങ്ങളുണ്ടായിരുന്നു.