വേങ്ങരയില്‍ വിമതസ്ഥാനാര്‍ഥി പ്രചരണം തുടങ്ങി; മുസ്ലീം ലീഗിന് നെഞ്ചിടിപ്പ്
മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ വിമത സ്ഥാനാര്‍ഥി അഡ്വ. കെ ഹംസ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഒതുക്കുങ്ങല്‍ കുഴിപ്രത്തെ തറവാട്ട് പള്ളിയില്‍ പ്രാര്‍ഥിച്ച ശേഷമാണ് അഡ്വ. കെ ഹംസ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
മറ്റു പ്രമുഖ സ്ഥാനാര്‍ഥികളെ പോലെ തന്നെ മണ്ഡലത്തില്‍ എല്ലായിടത്തും പര്യടനം നടത്താനാണ് ഹംസയുടെ തീരുമാനം. ഒതുക്കുങ്ങല്‍ പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തുന്നത്. സ്വന്തം നാട്ടിലെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലത്തില്‍ മികച്ച വിജയം ലക്ഷ്യമിടുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന് കനത്ത തിരിച്ചടിയാണ് ഹംസയുടെ സ്ഥാനാര്‍ഥിത്വം.
ഇവിടെ ഭൂരിപക്ഷം കുറഞ്ഞാല്‍പ്പോലും മുസ്ലിം ലീഗിന് കനത്ത ക്ഷീണമാകും.അതുകൊണ്ടു തന്നെ വിമത സ്ഥാനാര്‍ഥി ഉയര്‍ത്തുന്ന വെല്ലു വിളി എങ്ങനെ നേരിടണമെന്ന് ആലോചനയിലാണ് ലീഗ് പാളയം. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും വേങ്ങരയില്‍ നിന്ന് മികച്ച പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരുന്നു. ഈ പിന്തുണ ഖാദറിന് കിട്ടിയില്ലെങ്കില്‍ മുസ്ലിം ലീഗിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കും.
എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്. അതിനിടെ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന 30 പേര്‍ സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. വേങ്ങര ടൗണിലും പരിസരങ്ങളിലുമുള്ളവരാണ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പുതിയ അംഗങ്ങളെ സ്വീകരിച്ചു.