ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു

ബംഗ്ലൂര്‍ : ഇന്ത്യക്കാരുടെ സെല്‍ഫി ഭ്രാന്തിനു ഇരയായി മൂന്ന് കുട്ടികള്‍. ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്ന് കുട്ടികള്‍ ട്രയിന്‍ തട്ടി മരിച്ചു. ബംഗളൂരുവിന് സമീപം ബിഡാദിയില്‍ ആണ് അപകടം നടന്നത്. ട്രാക്കില്‍ നിന്ന് ട്രെയിന്‍ പിന്നില്‍ വരുന്ന നിലയില്‍ സെല്‍ഫി എടുക്കുവാനാണ് കുട്ടികള്‍ ശ്രമിച്ചത്. എന്നാല്‍ ട്രെയിന്‍ അടുത്തെത്തിയിട്ടും ട്രാക്കില്‍നിന്ന് മാറാതിരുന്ന കുട്ടികള്‍ക്കുമേലെകൂടി ട്രയിന്‍ കയറിയിറങ്ങുകയായിരുന്നു. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഒപ്പമുള്ള വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയതിനു പിന്നാലെയാണ് വീണ്ടും ഒരു സെല്‍ഫി ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. നിലവില്‍ ലോകത്ത് സെല്‍ഫി ഭ്രമം കാരണം ജീവന്‍ നഷ്ട്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് ഒന്നാംസ്ഥാനം. മരിച്ച കുട്ടികളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.