പുറത്തിറങ്ങിയാലും ജനപ്രിയന് കാര്യങ്ങളത്ര സുഗമമല്ല; കോടതി മുന്നോട്ട് വച്ച ഉപാധികളിങ്ങനെ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്നാമത്തെ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ മാസം 27 ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി മൂന്ന് തവണയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ട് തവണയുമാണ് ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയത്. നീണ്ട 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം നല്‍കുന്നതിന് കര്‍ശന ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വച്ചത്.

*അന്വഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം

*രണ്ടു പേരുടെ ആള്‍ജാമ്യവും നല്‍കണം    

*ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം
*പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം
*സാക്ഷികളെ സ്വാധീനിക്കരുത്
*കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കരുത്
എന്നിങ്ങനെയുള്ള ഉപാധികളാണ് ഹൈക്കോടതി ദിലീപിന് മുന്നില്‍ വച്ചിരിക്കുന്നത്.

അറസ്റ്റിലായ ശേഷം ദിലീപ് സമര്‍പ്പിച്ച അഞ്ചാം ജാമ്യഹര്‍ജിയായിരുന്നു ഇത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ജൂലൈ 17 ന് തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ രണ്ടുതവണ സമീപിച്ചു. ജൂലൈ 25 നും ഓഗസ്റ്റ് 29 നും ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. പിന്നീട് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു. എന്നാല്‍ സെപ്തംബര്‍ 18 ന് അതും തള്ളി. തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ച ദിലിപിന്റെ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ മാസം 27-ന് വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ജൂലൈ 10 നാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്.