ദിലീപ് ജയില്‍ മോചിതനായി; 86 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജനപ്രിയന്‍ പുറത്തേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് ജയില്‍ മോചിതനായി. 86 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ദിലീപ് ജയില്‍ പുറത്തിറങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്.

ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും പലപ്പോഴും പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തത്ര തിരക്കാണ് ദിലീപിനെ പാര്‍പ്പിച്ചിരുന്ന ആലുവ സബ് ജയിലിനു പുറത്ത് ഉണ്ടായിരുന്നത്. ദിലീപിന്റെ സഹോദരനും അവരുടെ അഭിഭാഷകനും ഒരു സുഹൃത്തുമാണ് ദിലീപിനെ കൊണ്ട് പോകാനെത്തിയത്. സഹോദരന്റെ വീട്ടിലേക്കാണ് ദിലീപ് പോയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ആരാധകര്‍ ലഡു വിതരണം ചെയ്തും ദിലീപിന്റെ വലിയ കട്ടൗട്ടില്‍ മാലയിട്ടും സന്തോഷം പങ്കിട്ടു. നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ പ്രമുഖരും ജയിലിന് മുന്നിലെത്തിയിരുന്നു.