ജനരക്ഷായാത്രക്ക് ഇന്ന് തുടക്കം; ദേശിയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍
പയ്യന്നൂര്‍: സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ബി.ജെ.പിയുടെ ജനരക്ഷ യാത്രക്ക് ഇന്ന് തുടക്കമാകും. ഇതിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പയ്യന്നൂരിലെത്തും. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പയ്യന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അമിത് ഷാ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കുന്നത്.
പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ പദയാത്രയില്‍ അമിത് ഷാ ഉണ്ടാകും എന്നാണ് അറിയുന്നത്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള മുഴുവന്‍ സേനക്കും പ്രത്യേക സുരക്ഷാ വിഭാഗങ്ങള്‍ക്കും പുറമേ സമീപ ജില്ലകളിലെ ഡി.വൈ.എസ്. പി മാരെയും, സി.ഐമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ജനരക്ഷായാത്രയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ അമിത് ഷാ ഉണ്ടാകുമെന്നാണ് വിവരം. കേരളത്തില്‍ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അമിത് ഷാ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മെഡിക്കല്‍ കോഴ വിവാദത്തില്‍ ബി.ജെ.പിയുടെ പ്രതിച്ഛായ മങ്ങിയ സാഹചര്യത്തില്‍ അമിത് ഷായുടെ സാന്നിധ്യം പാര്‍ട്ടിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് സംസ്ഥാന നേത്യത്വത്തിന്റെ പ്രതീക്ഷ.
‘മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കും മത ഭീകരതയ്ക്കുമെതിരെ’ എന്ന പേരിലാണ് കുമ്മനം രാജശേഖരന്റെ നേത്യത്വത്തിലുളള ജനരക്ഷായാത്ര. 11 ജില്ലകളിലായാണ് കടന്നു പോകുന്നത്. സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത് എത്തുന്നതോടെ യാത്ര സമാപിക്കും. തലസ്ഥാനത്ത് നടക്കുന്ന സമാപന ചടങ്ങിലും അമിത് ഷാ എത്തുമെന്നാണ് സൂചന.