രാജീവ് വധം: സിപി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ചാലക്കുടി രാജീവ് കൊലപാതത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. വ്യക്തമായ തെളിവുണ്ടെങ്കിലെ അറസ്റ്റ് പാടുള്ളൂവെന്നും ഗുഢാലോചനയ്ക്ക് വ്യക്തമായ തെളിവ് വേണമെന്നും കോടതി വ്യക്തമാക്കി.

ഒരു ഫോണ്‍ സംഭാഷണം പ്രതിയാക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. അടുത്ത 16-ന് സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പോലീസ് ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിനു കൂടി വേണ്ടിയാണെന്ന് പോലീസ് വ്യക്തമാക്കിയത്.

പ്രതികളുടെ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു പല തവണ എത്തിയിരുന്നതായി വീട്ടിലെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ അന്വഷണ സംഘം കണ്ടെത്തിയിരുന്നു.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിന് നിയോഗിച്ച ചക്കര ജോണി, രഞ്ജിത് എന്നിവരെയും പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു.