രാജീവ് കൊലപാതകം അഡ്വ: സിപി ഉദയഭാനുവിന്റെ പങ്ക് പുറത്ത്, സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു, ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവുമായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ.സി.പി ഉദയഭാനുവിന്റെ ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്.

തെളിവുകള്‍ പുറത്തു വന്നതോടെ ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഉദയഭാനു പല തവണ രാജീവിന്റെ വീട്ടില്‍ എത്തിയിരുന്നതായി വീട്ടിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഈ തെളിവുകള്‍ പോലീസിന് ലഭിച്ചു. നേരത്തെ ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു. പിന്നീടാണ് ഇവര്‍ തമ്മില്‍ തെറ്റിയതും. കൊലപാതകത്തിലെ ഗൂഢാലോചന കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പോലീസ് ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിനു കൂടി വേണ്ടിയാണെന്ന് പോലീസ് വ്യക്തമാക്കിയത്. പ്രതികളുടെ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിന് നിയോഗിച്ച ചക്കര ജോണി, രഞ്ജിത് എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നത്.