രാമലീല കാണാം…. ഇന്ന് വൈകുന്നേരം തന്നെ പുറത്തേയ്ക്ക്, അന്വേഷണ സംഘത്തിന് പിഴവ് സംഭവിച്ചതായി വിലയിരുത്തല്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ ജയിലിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 86 ദിവസം നീണ്ട ജയില്‍ വാസത്തിനു പിന്നാലെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇന്നു തന്നെ ദിലീപ് ജയില്‍ മോതചിതനായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചകള്‍.

നേരത്തെ നടിയെ ആക്രമിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നതായിരുന്നു ദിലീപിനുമേല്‍ ആരേപിക്കപ്പെട്ടിരുന്ന പ്രധാന കുറ്റം. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നേതന്നെ കേടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ ദിലീപിന്റെ ജാമ്യം തലവേദനയുണ്ടാക്കുന്നത് സര്‍ക്കാരിനും പ്രത്യേകിച്ച് പോലീസിനും തന്നെയാകും.

ഇതുവരെ പഴുതടച്ച് അന്വേഷണം മുന്നോട്ടു കൊണ്ടു പോയെങ്കിലും കേസിലെ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസ് അന്വേഷണത്തില്‍ വലിയ വിള്ളലായി തന്നെ നിലനില്‍ക്കും. സോപാധിക ജാമ്യം എന്ന ദിലീപിന്റെ വാദത്തെ ഇത്രയും നാള്‍ പ്രതിരോധിച്ചിരുന്ന അന്വേഷണ സംഘത്തിന് പക്ഷെ ഇത്തവണ പിടിച്ചു നില്‍ക്കാനായില്ല.