ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ഉച്ചയ്ക്ക് 1.45ന്, തെളിവുകളില്‍ പൂര്‍ണ്ണതയില്ലാതെ പ്രോസിക്യൂഷനും അന്വേഷണ സംഘവും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ചയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈ ആഴ്ച്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.