പുരസ്‌കാരം തിരിച്ചു നല്‍കാന്‍ മാത്രം വിഡ്ഢിയല്ല താന്‍; മോദിയുടെ മൗനത്തെയാണ് വിമര്‍ശിച്ചതെന്ന് പ്രകാശ് രാജ്
ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും തനിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊന്നത് ആഘോഷിക്കുന്നവരോടുള്ള മോദിയുടെ മൗനം തന്നെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി പ്രകാശ് രാജ്.
തനിക്കു ലഭിച്ച പുരസ്‌ക്കാരങ്ങള്‍ തന്റെ കഴിവിന് ലഭിച്ച അംഗീകാരമാണ്. അവ തിരിച്ചു നല്‍കാന്‍ മാത്രം വിഡ്ഢിയല്ല താന്‍. ഗൗരി ലങ്കേഷിന്റെ മരണം ആഘോഷമാക്കിയവരെയാണ് താന്‍ വിമര്‍ശിച്ചത്. പ്രധാനമന്ത്രി ഇവരോട് മൗനം പാലിച്ചു. ഇക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ പൗരനെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ അര്‍ഹതയുണ്ടെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ വ്യക്തമാക്കുന്നു.
കഴിവുള്ള ഈ നടന്മാരെ കാണുമ്പോള്‍, എനിക്ക് ലഭിച്ച അഞ്ചു ദേശീയ പുരസ്‌കാരങ്ങളും അവര്‍ക്കു നല്‍കാന്‍ തോന്നുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്റെ പ്രിയ സുഹൃത്ത് ഗൗരിയെ കൊന്നത് ആരാണെന്ന് നമുക്കറിയില്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ആരാണ് ഇത് ആഘോഷിക്കുന്നതെന്ന് നമ്മള്‍ കാണുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്രയും വഷളന്‍ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഇതുവരെ കണ്ടിട്ടില്ല. വിഷം ചീറ്റുന്ന ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നവയാണ്. അദ്ദേഹം ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.