ഹാദിയയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാം, സംരക്ഷണാവകാശം അച്ഛന് മാത്രമല്ല; നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ദില്ലി: വിവാദമായ ഹാദിയ കേസില്‍, പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമുള്ളതല്ലെന്നും 24 വയസ്സുള്ള പെണ്‍കുട്ടിക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി ചൂണ്ടികാട്ടി.

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയും സുപ്രീം കോടതി പരാമര്‍ശമുണ്ട്.വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്നും കേസില്‍ എന്‍.ഐ.എ അന്വേഷണം വേണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബഞ്ച് കേസ് പരിഗിണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാന്‍ വനിതാ കമ്മീഷന് അനുവാദവും നല്‍കിയിട്ടുണ്ട്

എന്‍.ഐ.എ അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വയമായി തീരുമാനം എടുക്കാന്‍ ശേഷി ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിര്‍ ജഹാന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

നേരത്തേ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കുകയും ഇത് മുസ്‌ളീം സംഘടനകളുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. മതം മാറിയതിന് ശേഷം മുസ്‌ളീം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും ഷഫീന്റെയും വിവാഹം കേരളാ ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെയാണ് ഷെഫീര്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.