കുണ്ടറയില്‍ മൂന്നു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഢനം; ദേഹമാസകലം സിഗര്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കുട്ടിയെ കണ്ടത് അബോധാവസ്ഥയില്‍
കൊല്ലം കുണ്ടറയില്‍ മൂന്നരവയസ്സുകാരിക്ക് രണ്ടാനച്ഛനില്‍ നിന്ന് ക്രൂരപീഡനം. ശരീരമാസകലം വടികൊണ്ട് തല്ലിച്ചതച്ചു. സിഗരറ്റ് ലൈറ്റര്‍ കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പിച്ചതിന്റെ പാടുകളുമുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ ആഷിഖിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മുന്‍പ് കഞ്ചാവ് കേസില്‍ പോലീസ് പിടിയിലായിട്ടുണ്ട്. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്.
വീട്ടില്‍ നിന്നും കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് എത്തിയ അയല്‍ക്കാരാണ് ക്രൂരമായ മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. ഈ സമയം കുട്ടി അബോധാവസ്ഥയില്‍ തറയില്‍ കിടക്കുകയായിരുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.