യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍; ജനരക്ഷ യാത്രയില്‍ പങ്കെടുക്കും

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തിലെത്തും.കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ യോഗി പദയാത്രയില്‍ പങ്കെടുക്കും.

രാവിലെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ, കുമ്മനം രാജശേഖരന് കുങ്കുമഹരിത പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്.ജനരക്ഷായാത്രയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ അമിത് ഷാ ഉണ്ടാകുമെന്നാണ് വിവരം. ബി.ജെ.പിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും രാജ്യത്തെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമടക്കം ദേശീയ തലത്തിലെ നിരവധി നേതാക്കള്‍ വിവിധ ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും.

‘മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്കും മത ഭീകരതയ്ക്കുമെതിരെ’ എന്ന പേരിലാണ് കുമ്മനം രാജശേഖരന്റെ നേത്യത്വത്തിലുളള ജനരക്ഷായാത്ര നടത്തുന്നത്. 11 ജില്ലകളിലായാണ് ജനരക്ഷായാത്ര കടന്നു പോകുന്നത്. സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത് എത്തുന്നതോടെ യാത്ര സമാപിക്കും.