അണ്ടര്‍-17 ലോകകപ്പ്: സ്പെയിന്‍ ടീം കൊച്ചിയിലെത്തി; താരങ്ങള്‍ക്ക് ആവേശ വരവേല്‍പ്പ് നല്‍കി കൊച്ചി

കൊച്ചി : ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി. എത്തിഹാദ് എയര്‍വെയ്‌സില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് ടീം നെടുമ്പാശേരിയില്‍ എത്തിയത്. മാഡ്രിഡില്‍ നിന്നും അബുദാബി വഴിയാണ് സ്പാനിഷ് ടീം കൊച്ചിയിലെത്തിയത്.

മൂന്നരയ്ക്ക് ഇവര്‍ വിമാനത്താവളത്തിലെത്തിയെങ്കിലും ലഗേജ് പരിശോധന അടക്കം മറ്റ് സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി നാലരയോടെയാണ് സംഘം വിമാനത്താവളത്തിന് പുറത്തുകടന്നത്. ഫിഫ ഒഫീഷ്യല്‍സും അന്‍വര്‍ സാദത്ത് എം.എല്‍എ.യും ചേര്‍ന്ന് സ്പാനിഷ് ടീമിനെ വിമാനത്താവളത്തില്‍ വരവേറ്റു.

കൊച്ചിയില്‍ കളിക്കുന്ന മറ്റൊരു പ്രമുഖ ടീമായ ബ്രസീല്‍ 11.30 ന് കൊച്ചിയിലെത്തും. കഴിഞ്ഞ ആഴ്ച മുംബൈയിലെത്തിയ ബ്രസീല്‍ ടീം അവിടെ ചില സന്നാഹ മത്സരങ്ങള്‍ കളിച്ച ശേഷമാണ് കൊച്ചിയിലേക്കെത്തുന്നത്. കൊച്ചിയില്‍ കളിക്കുന്ന മറ്റ് രണ്ട് ടീമുകളായ നൈജറും ഉത്തര കൊറിയയും ഉച്ചയ്ക്കുശേഷം എത്തിച്ചേരും. ശനിയാഴ്ചയാണ് ലോകകപ്പില്‍ കൊച്ചിയിലെ ആദ്യ മത്സരങ്ങള്‍.
വൈകീട്ട് അഞ്ചിന് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ബ്രസീലും സ്‌പെയ്‌നും ഏറ്റുമുട്ടും. അന്ന് രാത്രി എട്ടിനാണ് ഉത്തര കൊറിയ-നൈജര്‍ മത്സരം.

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളിയായ അമേരിക്കയും ദില്ലിയിലെത്തിയിട്ടുണ്ട്. ദുബായിയില്‍ ഏഴു ദിവസത്തെ പരിശീലന ക്യാംപിനു ശേഷമാണ് അമേരിക്ക ലോകകപ്പിനെത്തിയത്. ജോഷ് സര്‍ജെന്റും ടിം വിയയുമാണ് അമേരിക്കന്‍ ടീമിലെ ശ്രദ്ധേയ കളിക്കാര്‍. ഫിഫ മുന്‍ ലോകതാരം ജോര്‍ജ് വിയയുടെ മകനാണ് ടിം വിയ.