വഡോദരയില്‍ ബിജെപി കൗണ്‍സിലറെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു സംഘം ആള്‍ക്കാര്‍ ബി.ജെ.പി കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. വഡോദരയിലെ കൗണ്‍സിലറായ ഹഷ്മുഖ് പട്ടേലിനെയാണ് 30 അംഗ സംഘം ചൊവ്വാഴ്ച രാവിലെ ക്രൂരമായി മര്‍ദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വഡോദരയില്‍ ഗരസഭ അധികൃതര്‍ നോട്ടീസില്ലാതെ ഒരു സംഘം ആളുകളുടെ വീടുകള്‍ പൊളിച്ചിരുന്നു. ഇതിനെ കുറിച്ച് മുന്‍സിപ്പല്‍ കമീഷണറോട് അന്വേഷിച്ചപ്പോള്‍ നോട്ടീസ് ബി.ജെ.പി കൗണ്‍സിലറിന്റെ കൈവശം നല്‍കിയിരുന്നുവെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് സംഘം കൗണ്‍സിലറെ മര്‍ദിച്ചത്.

എന്നാല്‍ തനിക്ക് നോട്ടീസ് ലഭിച്ചിരുന്നില്ല എന്ന് ജനക്കൂട്ടത്തോട് കൗണ്‍സിലര്‍ പറഞ്ഞെങ്കിലും ഇത് വകവെക്കാതെ ആള്‍ക്കുട്ടം മര്‍ദ്ദനം തുടരുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍.