പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാളും അഭിഷേകം-2017 ധ്യാനശുശ്രുഷയും

വിയന്ന: യൂറോപ്പിലെ മലങ്കര യാക്കോബായ സഭയുടെ പ്രഥമ ദൈവാലയമായ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്മപെരുന്നാള്‍ അഭിഷേകം 2017 ധ്യാനശുശ്രുഷയോടുകൂടി 2017 നവംബര്‍ 24 മുതല്‍ 26 വരെ വളരെ ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ അഭി. സഖറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലായിരിക്കും ധ്യാന ശുശ്രുഷകള്‍ നടത്തുന്നത്. നവംബര്‍ 24, 25 (വെള്ളി, ശനി) തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെയുള്ള സമയത്താണ് വചന പ്രഘോഷണവും അഭിഷേക പ്രാര്‍ത്ഥനകളും ആരാധനകളും ക്രമീകരിച്ചിരിക്കുന്നത്.

26 ഞായറാഴ്ച വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും ദൈവലയ പ്രവേശന പെരുന്നാളും സംയുക്തമായി അഭി. മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ധ്യാനത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു. പെരുന്നാള്‍ ഏറ്റുകഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25 യൂറോയുടെ ഓഹരി എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.