ദില്ലിയില്‍ എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു

ദില്ലി: കേരളത്തിലെ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരേ സി.പി.എം ആക്രമണം നടത്തുന്നുവെന്നാരോപിച്ച് സി.പി.ഐ.[എം] കേന്ദ്രകമ്മറ്റി ഓഫീസായ ദില്ലിയിലെ എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച്. പ്രതിഷേധ മാര്‍ച്ച് ഗോള്‍ മാര്‍ക്കറ്റില്‍ എ.കെ.ജി ഭവന് 200 മീറ്റര്‍ മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ബി.ജെ.പി ദില്ലി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗില്‍ നിന്നുമാണ് ഗോള്‍മാര്‍ക്കറ്റിലുള്ള സി.പി.എം ഓഫീസിലേക്ക് മാര്‍ച്ച്ആരംഭിച്ചത്. ബി.ജെ.പി ദില്ലി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് സി.പി.എം പിന്‍മാറണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ മനോജ് തിവാരി ആവശ്യപ്പെട്ടു.

ഇന്നലെ കണ്ണൂരില്‍ ബി.ജെ.പിയുടെ ജനരക്ഷയാത്ര ഉദ്ഘാടനം ചെയ്ത ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനപ്രകാരമാണ് ദില്ലിയില്‍ സി.പി.ഐ.[എം] കേന്ദ്ര ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ പതിനാല് ജില്ലകളിലും മാര്‍ച്ച് നടത്താനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

അതെ സമയം ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണ്ണൂരിലെത്തി.