ജാമ്യത്തിനായി പ്രാര്‍ഥിച്ച ആരാധകര്‍ തന്നെ ദിലീപിന് വിനയാകുമോ? അഭിഭാഷന്റെ വീടിനു നേരെ ആക്രമണം

 

ആലുവ: ഹൈക്കോടതിയുടെ കര്‍ശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ആരാധകരുടെ ആതിരുവിട്ട ആഘോഷം വിനയാകുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ദിലീപിനെതിരെ നിയമയുദ്ധം നടത്തിയ ആലുവയിലെ അഭിഭാഷകന്‍ കെ.സി. സന്തോഷിന്റെ പറവൂര്‍ കവലയിലെ വീട്ടില്‍ ആക്രമണം നടത്തിയത് ആരാധകരാണോയെന്നു പോലീസ് സംശയിക്കുന്നു. രാത്രി പത്തരയോടെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയ രണ്ടംഗ സംഘം ഗുണ്ട് പൊട്ടിച്ചും കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷിടിച്ചത്.

ആക്രമണത്തില്‍ സന്തോഷിന്റെ വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചു. കറുത്ത നിറത്തിലുള്ള കാറിലെത്തിയ സംഘമാണു ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.. തുടര്‍ന്ന് കാര്‍ അമിത വേഗത്തില്‍ അങ്കമാലി ഭാഗത്തേയ്ക്ക് പോയി.

സംഭവസമയം, വീട്ടില്‍ സന്തോഷിനൊപ്പം ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയതു സംഘര്‍ഷാവസ്ഥയ്ക്കും കാരണമായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തി പരിശോധന നടത്തിയ ആലുവ ഈസ്റ്റ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്.ഐ. എം.എസ്. ഫൈസല്‍ അറിയിച്ചു.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ ആളാണ് കെ.സി. സന്തോഷ്. നേരത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ദിലീപിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നയാളു കൂടിയാണ് സന്തോഷ്.