ദിലീപ് വീണ്ടും വിതരണക്കാരുടെ സംഘടന(ഫ്യൂയോക്)യുടെ പ്രസിഡന്റ്

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടന്‍ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു.

ദിലീപിന്റെ നേതൃത്വത്തില്‍  ഈ സംഘടന ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണിപെരുമ്പാവൂരിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.

എന്നാല്‍ കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിച്ചു മണിക്കൂറുകള്‍ക്കകം സംഘടനാ നേതൃത്വം യോഗം ചേര്‍ന്ന് വീണ്ടും ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപ് വീണ്ടും പ്രസിഡന്റാകുന്നതോടെ ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരും.
സംഘടനയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. ഇതിനുശേഷം സംഘടനാ പ്രതിനിധികള്‍ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.