രാഷ്ട്രീയ പ്രേവേശനം സംബന്ധിച്ച് കമല്‍ ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ നടന്‍ കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. കമലഹാസന്റെ ചെന്നൈയിലുള്ള ഓഫീസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവേശനത്തില്‍ ആരാധകരുടെ കാഴ്ചപ്പാടറിയുന്നതിന് വേണ്ടിയുള്ളതായിരുന്നു കൂടിക്കാഴ്ചയെന്നാണു സൂചന.

കമലിന്റെ രാഷ്ട്രീയ പ്രേവശനത്തില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷകളും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് കമലിന്റെ പി.ആര്‍ സംഘത്തിലെ ഒരംഗം വെളിപ്പെടുത്തി. രാഷ്ട്രീയ പ്രേവേശനം സംബന്ധിച്ച വിഷയത്തില്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കില്‍ താന്‍ ഒപ്പം ചേരുമെന്നു കമല്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ചലച്ചിത്രമേഖലയില്‍ തന്റെ എതിരാളിയാണെങ്കിലും നിര്‍ണായകമായ പല വിഷയങ്ങളിലും തങ്ങള്‍ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെപ്പറ്റി കമല്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല. അടുത്തിടെയുണ്ടായ പല സംഭവങ്ങളും അദ്ദേഹം ബി.ജെ.പിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നല്‍കിയത്.

രാഷ്ട്രീയ പ്രേവേശനം ഉടനുണ്ടാകുമെന്ന് കമല്‍ഹാസന്‍ അറിയിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.