കേരളത്തില്‍ ആവശ്യത്തിനു കക്കൂസ് ഉണ്ട് ; അതുകൊണ്ട് ഇന്ധന വില വര്‍ധന ഇവിടെ വേണ്ടാ : കോടിയേരി
തിരുവനന്തപുരം : കേരളത്തില്‍ ആവശ്യത്തിനു കക്കൂസുകള്‍ ഉണ്ട് എന്നും അതുകൊണ്ട് ഇന്ധന വില വര്‍ധനവില്‍ നിന്നും കേരളത്തിനെ ഒഴിവാക്കണം എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയിലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തെ പരിഹസിചാണ് കോടിയേരി രംഗത്ത് വന്നത്. ഷാ പദയാത്രയില്‍ പങ്കെടുക്കുന്നത് ആട് ഇല കടിച്ചതുപോലെയാണെന്ന് കോടിയേരി പറയുന്നത്. അമിത് ഷായുടെ യാത്ര സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് പോലെയല്ല. സാധാരണ ഒരുസ്ഥലത്തുനിന്ന് തുടങ്ങുന്ന പദയാത്രയാണെങ്കില്‍ അടുത്ത സ്ഥലംവരെ നടന്ന് പോകും. വാഹനയാത്രയാണെങ്കില്‍ ഒരുസ്ഥലത്തുനിന്ന് അടുത്ത സ്ഥലം വരെ വാഹനത്തില്‍ പോകും. എന്നാല്‍ അമിത് ഷായുടെ യാത്ര അങ്ങനെയല്ല. ആട് ഇല കടിക്കുന്നത് പോലെയാണ്. പയ്യന്നൂരില്‍ നിന്ന് പിലാത്ത വരെ കുറച്ച് നടക്കും. പിന്നെ നടക്കില്ല, വിശ്രമമാണ്.
അമിത് ഷായ്ക്ക് നടക്കുന്നതില്‍ കുറച്ച് വിഷമം ഉണ്ട്. ഒരു ദിവസം നടന്നാല്‍ അടുത്ത ദിവസം വിശ്രമിക്കണം. കേരളത്തില്‍ ആരും ഇതുവരെ ഇങ്ങനെ കാല്‍നട ജാഥ നടത്തി കണ്ടിട്ടില്ല. ഇത് ജാഥയുടെ ചരിത്രത്തില്‍ തന്നെ ഒരു പരിഹാസ്യമാണ്. കോടിയേരി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് കുറെമന്ത്രിമാര്‍ ജാഥയ്ക്കായി വരുന്നുണ്ട്. അവരെല്ലാം കേരളത്തില്‍ യാത്രചെയ്യുന്നത് നല്ലതാണ്. നടന്നിട്ട് പോകുന്നത് തന്നെയാണ് നല്ലത്. കേരളത്തിന്റെ പ്രകൃതിഭംഗി കാണാം. ജാഥയ്ക്കിടയില്‍ നടന്നുപോകുമ്പോള്‍ മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പരസ്യമായി ചെയ്യേണ്ടി വരില്ല. ഏതെങ്കിലും ഒരു വീട്ടില്‍ക്കയറി മൂത്രം ഒഴിക്കാം. കേരളത്തിലെ എല്ലാവീടുകളിലും കക്കൂസ് ഉണ്ടെന്ന് ഇവിടെ സഞ്ചരിക്കുമ്പോള്‍ ബിജെപിക്കാര്‍ക്ക് മനസിലാകും. കക്കൂസ് ഉണ്ടാക്കാന്‍ വേണ്ടിയാണല്ലോ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കുന്നത്. കേരളത്തില്‍ കക്കൂസിന്റെ പണി കഴിഞ്ഞിരിക്കുകയാണ്. അതിനാല്‍ വിലവര്‍ധനയില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.