നോട്ടിലെ എഴുത്ത്; കണ്ടക്ടര്‍ അമ്മയേയും മക്കളേയും പെരുവഴിയിലാക്കി, കെഎസ്ആര്‍ടിസി ബസിലാണ് സംഭവം
അമ്പലപ്പുഴ: എഴുതിയ നോട്ടു നല്‍കിയതിന്റെ പേരില്‍ അമ്മയേയും മക്കളെയും കെ.എസ്.ആര്‍.ടി.സി. പെരുവഴിയിലാക്കി. ഫോര്‍ട്ടുകൊച്ചി സ്വദേശി തിലകന്റെ ഭാര്യ സൈന, പത്താംക്ലാസ് വിദ്യാര്‍ഥികളായ നന്ദ ഗോപന്‍, വൈഷ്ണവി എന്നിവരെയാണ് അന്പലപ്പുഴയില്‍ നിന്നുള്ള യാത്രക്കിടെ ബസ് കണ്ടക്ടര്‍ ഇറക്കിവിട്ടത്.
ഇന്നലെ രാവിലെ 1030 ഓടെ ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് തിരുവനന്തപുരം ഭാഗത്തുനിന്നും 11.55 ഓടെ അമ്പലപ്പുഴയിലെത്തിയ ഫോര്‍ട്ടുകൊച്ചി ബസില്‍ കയറി. ടിക്കറ്റിനായി കൈവശമുണ്ടായിരുന്ന 500 രൂപയുടെ നോട്ട് നല്‍കിയെങ്കിലും നോട്ടില്‍ എന്തോ എഴുതിയത് കാണിച്ച് കണ്ടക്ടര്‍ പണം മടക്കി നല്കുകയും ഇവരെ വളഞ്ഞവഴിയിലെത്തിയപ്പോള്‍ ബസില്‍ നിന്നും ഇറക്കിവിടുകയുമായിരുന്നു.
ഫോര്‍ട്ടുകൊച്ചിയിലെത്തുന്‌പോള്‍ പണം നല്‍കാമെന്നും നോട്ടില്‍ തങ്ങളല്ല എഴുതിയതെന്നും, നോട്ട് ബാങ്കില്‍ നിന്നും ലഭിച്ചതാണെന്നും പറഞ്ഞെങ്കിലും കണ്ടക്ടര്‍ ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.
ജന്മനാ ശാരീരിക അവശതയനുഭവിക്കുന്ന മകന്‍ നന്ദഗോപനെയും കൊണ്ട് ഏറെ പ്രയാസപ്പെട്ട് ഇവര്‍ തിരിച്ച് അമ്പലപ്പുഴയിലെത്തുകയായിരുന്നു. സംഭവം സംബന്ധിച്ചു കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.