‘ ഒരു കെഎസ്‌യു അപാരത’ ഇറങ്ങുന്നു ! പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍മിക്കും, ജിനോ ജോണ്‍ വെളിപ്പെടുത്തുന്നു
കഴിഞ്ഞ നാളുകളില്‍ കേരളാ ക്യാംപസുകളെ ചുവപ്പിച്ച സിനിമയായിരുന്നു ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്‌സിക്കന്‍ അപാരത’. വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ആഭിമുഖ്യമുള്ള കാംപസില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടന വെന്നിക്കൊടി പാറിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
ടോവിനോ നായക കഥാപാത്രമായെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ സിനിമക്ക് വന്‍ സ്വീകരണം ലഭിക്കുമ്പോള്‍ തന്നെ കെഎസ്‌യുകാരനായ നായകന്റെ കഥ എസ്.എഫ്.ഐയുടേതാക്കി മാറ്റി ചിത്രീകരിച്ചിരിക്കുകയാണ് മെക്‌സിക്കന്‍ അപാരതയിലെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
ചിത്രത്തിലെ അഭിനേതാവ് കൂടിയായ ജിനോ ജോണിന്റെ കഥയാണ് മെക്‌സിക്കന്‍ അപാരതയില്‍ ‘ചുവപ്പിച്ച്’ അവതരിപ്പിച്ചതെന്നായിരുന്നു പ്രധാന ആരോപണം. എറണാകുളം മഹാരാജാസ് കോളേജിലെ 34 വര്‍ഷത്തെ എസ്.എഫ്.ഐ. മേല്‍ക്കോയ്മക്ക് തടയിട്ട് കെ.എസ്.യുവിന്റെ പതാക ക്യാംപസില്‍ പാറിച്ചയാളാണ് ചെയര്‍മാന്‍ ആയിരുന്നു ജിനോ.
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിനോ മെക്‌സിക്കന്‍ അപാരതയിലും ഒരു കഥാപാത്രമായി എത്തിയിരുന്നെങ്കിലും യഥാര്‍ഥ കഥ മാറ്റി ചിത്രീകരിച്ചതിനാല്‍ യഥാര്‍ഥ സംഭവത്തോടു നീതിപുലര്‍ത്താനായില്ല. ഇപ്പോള്‍ തന്റെ ‘യഥാര്‍ത്ഥ’ കഥ സിനിമയാക്കുകയാണ് ജിനോ ജോണ്‍. ‘ബ്ലൂ ഇസ് ദി വാമസ്റ്റ് കളര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ജിനോ തന്നെയാണ് നായക വേഷം അവതരിപ്പിക്കുന്നത്. സംവിധാനവും ജിനോ തന്നെ.
കഥ സമാനമാണെങ്കിലും അവതരണത്തില്‍ തികച്ചും വ്യത്യസ്തമായായിരിക്കും ‘ബ്ലൂ ഇസ് ദി വാമസ്റ്റ് കളര്‍’ അവതരിപ്പിക്കുകയെന്ന് ജിനോ പറയുന്നു. അതോടൊപ്പം ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവായിരിക്കും സിനിമയുടെ നിര്‍മാതാവ് എന്ന വസ്തുതയും ജിനോ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.ചില കോണ്‍ഗ്രസ് യുവ എം.എല്‍.എമാരും ചിത്രത്തില്‍ അഭിനേതാക്കളായി എത്തും.
ഈ ചിത്രത്തിനു മുന്നോടിയായി മറ്റൊരു സിനിമയും ജിനോ സംവിധാനം ചെയ്യുന്നുണ്ട്. വായില്ലാക്കുന്നിലപ്പന്‍ എന്നാണ് പേര്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍ തുടങ്ങുക.