അടിമുടി രൂപം മാറി അടിപ്പാവാടയും ന്യൂ ജെന്‍ ആയി ; ഇനി ഓണ്‍ലൈന്‍ വഴിയും വാങ്ങാം

മുംബൈ : സാരിക്കൊപ്പം അണിയുന്ന പരമ്പരാഗതമായ വസ്ത്രമാണ് അടിപ്പാവാട. കാലം ഇത്രമാറി എങ്കിലും അടിപ്പാവാടയുടെ രൂപത്തില്‍ ഒരു മാറ്റവും വന്നിരുന്നില്ല. കാലം മാറുന്നത് അനുസരിച്ചു അതിനും മാറ്റം വേണം എന്ന് വിചാരിച്ചിട്ടാകണം അടിപ്പാവാടയെ ഒന്ന് ഉടച്ചുവാര്‍ത്ത് മെര്‍മെയ്ഡ് പെറ്റിക്കോട്ട് എന്ന പുതിയ ഒരു പേരും നല്‍കി രംഗത്ത് കൊണ്ട് വരികയാണ് രാജ്യത്തെ പ്രമുഖ അടിവസ്ത്ര ഓണ്‍ലൈന്‍ വിപണന കമ്പനി ആയ സിവാമി ഡോട്ട് കോം. ശരീരത്തിന് നല്ല ഘടന നല്‍കുന്ന ഷെയ്പ്പ്​വെയറും അടിപ്പാവാടയും കൂടി മിക്‌സ് ചെയ്താണ് മെര്‍മെയ്ഡ് പെറ്റിക്കോട്ടിന്റെ രൂപഘടന. സ്‌കര്‍ട്ടുകളില്‍ ഫിഷ് കട്ട് എന്ന് പറയുന്നത് പോലെയാണ് ഇതിന്റെയും രൂപഘടന. മത്സ്യ കന്യകമാരുടെ വാല്‍ഭാഗം പോലെ തോന്നിക്കുന്ന ഷെയ്പ് ഉള്ളതിനാലാണ് മെര്‍മെയ്ഡ് പെറ്റിക്കോട്ടെന്ന് പേര് നല്‍കിയിരിക്കുന്നത്.

ഓവല്‍ ആകൃതിയിലാണ് ഇതിന്റെ ഘടന. അരക്കെട്ടിന്റെ വണ്ണം കൂടുതലുള്ള സ്ത്രീകള്‍ക്ക് ഈ പെറ്റിക്കോട്ട് അരക്കെട്ടിനെ നല്ല ഷേപ്പില്‍ നിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ഇലാസ്റ്റിക് വെയ്സ്റ്റ് ബാന്‍ഡ് നല്‍കിയത് കൊണ്ട് എത്ര ഭാരമുള്ള സാരിയാണെങ്കിലും ഒരു അനക്കവും തട്ടാതെ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നു. താഴെ സ്ലിറ്റ് നല്‍കിയത് കൊണ്ട് നടക്കാനും പ്രയാസങ്ങളില്ല. നിലവില്‍ ഓണ്‍ലൈന്‍ മുഖേനെ ഇത് ഉപഭോക്താക്കളിലേക്കെത്തുന്നത്. വെസ്റ്റേണ്‍ ഡ്രെസ്സുകള്‍, ചുരിദാര്‍ തുടങ്ങിയയവയുടെ കൂടെ അണിയാന്‍ പാകത്തിലുള്ള ഷേപ്പ് വെയറുകള്‍ ഇന്ന് ലഭ്യമാണെങ്കിലും ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമായ സാരിയുടെ കൂടെ അണിയാന്‍ പാകത്തിലുള്ള ഒന്ന് ലഭ്യമായിരുന്നില്ല. അതിനുള്ള വഴിയാണ് മെര്‍മെയ്ഡ് പെറ്റിക്കോട്ട് നല്‍കുന്നത്.