പ്രിയ മാതാജി, അമിത് ജിയും,യോഗി ജിയും നമ്മളെ പറ്റിച്ചതാണത്രേ;സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്

കേരളത്തിലെ ചുവപ്പന്‍ ഭീകരതക്കും ജിഹാദികള്‍ക്കുമെതിരായി ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ആരംഭിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് മിനേഷ് രാമനുണ്ണിയുടെ കുറിപ്പ് . ദേശീയ നേതാക്കളടക്കം സാന്നിധ്യമറിയിക്കുന്ന ജനരക്ഷായാത്രയില്‍ ഇടത് ഭീകരതക്കറുതി വരുത്തുക എന്ന ലക്ഷ്യമാണ് ബി.ജെ.പി പ്രധാനമായും മുന്നോട്ട് വക്കുന്നത്.

ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ നേതാവ് കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് തന്റെ മാതാവിന് എഴുതിയയക്കുന്ന കത്തിന്റെ രൂപത്തിലാണ് മിനേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കടുത്ത കേരള വിരുദ്ധനായി എത്തുന്ന ബി,ജെ.പി നേതാവ് കേരളത്തിലെ സാഹചര്യങ്ങള്‍ ശരിക്ക് ബോധ്യപ്പെടുമ്പോള്‍ തങ്ങളുടെ സംസ്ഥാനത്തിനേക്കാള്‍ ഭേദം കേരളമാണെന്ന നിജസ്ഥിതി മനസ്സിലാക്കുന്ന രീതിയിലാണ് ദിനേഷിനെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബി.ജെ.പിയെ കണക്കറ്റ് പരിഹസിക്കുന്ന ഈ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയ മാതാജി,

ഞാൻ ഇവിടെ സുഖമായി എത്തി. കേരളത്തിലെ ചുവപ്പു ജിഹാദികളെ ഒരു പാഠം പഠിപ്പിക്കണമെന്നു പൂജനീയ അമിത് ജി പറഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ മാതാജിയോട് ഒരു വാക്കുപോലും പറയാതെ ഇറങ്ങിയതിൽ പിണക്കമില്ലല്ലോ അല്ലെ?

ഇവിടുത്തെ കാര്യങ്ങൾ പറഞ്ഞു കേട്ടതിലും വിചിത്രമാണ്. രാവിലെ എണീട്ടപ്പോഴുണ്ട് ഒരു കൂട്ടം സ്ത്രീകൾ കത്തിയും അരിവാളുമായി ഇറങ്ങി നടക്കുന്നത് . ഇവർ തന്നെ ചുവപ്പു ജിഹാദികൾ എന്ന് കരുതി ദണ്ഡ എടുത്തപ്പോഴാണ് കൂടെയുള്ള മലയാളി സംഘ സഹോദരൻ പറഞ്ഞത് അത് കുടുംബശ്രീ എന്ന പരിപാടിയുടെ കീഴിൽ നടത്തുന്ന പച്ചക്കറി കൃഷിക്ക് വേണ്ടി പോകുന്ന സ്ത്രീകളാണ് എന്ന് . ഇവിടെയൊക്കെ സ്ത്രീകൾക്ക് സ്വതന്ത്രമായി സഹകരണ സംഘങ്ങളും തൊഴിൽ സംരംഭങ്ങളും ഉണ്ടത്രേ.

അതുകേട്ടു അദ്‌ഭുതപ്പെട്ടു നിൽക്കുമ്പോഴാണ് വയറിൽ നിന്നും ഒരു വിളി വന്നത്. ട്രെയിനിൽ രാവിലെ കാര്യം സാധിക്കാൻ പറ്റിയില്ലായിരുന്നു. കൂടെയുള്ള സംഘസാഹോദരനോട് അടുത്ത് ഒഴിഞ്ഞ പറമ്പൊ റെയിൽവേ ട്രാക്കോ ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഇവിടെ ഓരോ വീട്ടിലും 
കക്കൂസ് ഉണ്ട് എന്ന് അയാൾ പറയുന്നത്. പുറത്ത് വെളിക്കിരിക്കുന്നത് ഇവിടെ മോശം കാര്യമാണത്രെ.

രാവിലെ വല്ല കമ്യൂണിസ്റ് കൊലയാളികളെയും കൈയിൽ കിട്ടുമോ എന്ന് പുറത്തിറങ്ങി അന്വേഷിച്ചപ്പോൾ നാട്ടുകാർ എന്നെ അദ്‌ഭുതത്തോടെ നോക്കുന്നു . ജൈവ കൃഷി, രക്ത ദാനം, പാലിയേലിട്ടീവ് (അതെന്തു കുന്താമാണാവോ, കേട്ടിട്ടുപോലുമില്ല ), മാലിന്യ സംസ്കരണം , വായനശാല പ്രവർത്തനം, സഹകരണ സംഘങ്ങൾ. അങ്ങനെ നിരവധി പരിപാടികളിൽ കമ്യൂണിസ്റുകാരാണത്രെ മുന്നിൽ. തേരാപാരാ നടക്കുന്നവരിൽ കുറെ പേര് നമ്മുടെ സംഘ സഹോദരരാണത്രെ.

ഇവിടെ ദിവസവും നമ്മുടെ പാർട്ടിക്കാരെ കൊല്ലുന്നുണ്ടല്ലേ എന്ന് ചോദിച്ചപ്പോൾ അതൊക്കെ നുണയാണെന്നും നമ്മളാണ് അക്രമങ്ങളിൽ മുന്നിലെന്നുമാണ് ഇവിടത്തെ നാട്ടുകാർ പറഞ്ഞത്. അമിത്‌ജിയും യോഗിജിയും നമ്മളെ പറ്റിച്ചതാണത്രേ.

ഞങ്ങൾ വന്ന ദിവസം ഇവിടെ വാക്സിനേഷൻ നടക്കുകയാണ്. ലക്ഷക്കണക്കിന് കുട്ടികളാണത്രെ ഇവിടെ വാക്സിനേഷൻ എടുത്തത്. ഇവിടെയൊക്കെ ഒന്നോ രണ്ടോ കിലോമീറ്റര് അകലെ തന്നെ സർക്കാർ ഹെൽത് സെന്ററുകൾ ഉണ്ട്. നമ്മുടെ നാട്ടിലെ പോലെ പതിനഞ്ചും ഇരുപതും കിലോമീറ്ററൊന്നും പോകേണ്ടതില്ല.

ജാഥ വരുന്ന വഴിക്കു സ്‌കൂളുകൾ കണ്ടു. കുട്ടികളൊക്കെ പകൽ സ്‌കൂളിൽ പോകുകയാണ്. നല്ല നിലവാരമുള്ള സർക്കാർ സ്‌കൂളുകൾ കണ്ടപ്പോൾ അദ്‌ഭുതം തോന്നിപ്പോയി .അതും രണ്ടോ മൂന്നോ കിലോമീറ്ററിനുള്ളിൽ ഒന്നിലധികം സ്‌കൂളുകൾ!

ഇടയ്ക്കു വിശന്നപ്പോൾ ഞങ്ങൾ കുറച്ചു പേര് ജാഥക്കിടെ ഒന്ന് മുങ്ങി കേട്ടോ. അടുത്തോരു ഹോട്ടലിൽ കയറിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയാണ് , ജാതിയും മതവുമൊന്നും ഇവർക്കു പ്രശ്നമില്ല പോലും. ഞാൻ ചപ്പാത്തിയും പരിപ്പുകറിയും ഓർഡർചെയ്തപ്പോൾ കൂടെ വന്നവരിൽ ചിലരൊക്കെ ‘സ്‌പെഷ്യൽ ഉള്ളിക്കറി’ ഓർഡർ ചെയ്യുന്നത് കണ്ടു. ഇവിടുത്തെ ഉള്ളിക്കറിക്കു നല്ല രുചിയാണത്രെ!

ഭക്ഷണം കഴിച്ചു പൈസ കൊടുത്തപ്പോൾ കടയുടമ സംശയത്തോടെ ചോദിക്കുന്നു ഇത് നിങ്ങൾ ശാഖയിൽ അടിച്ച നോട്ടാണോ എന്ന് .നമ്മുടെ പ്രവർത്തകനെ ഇവിടെ കള്ളനോട്ട് മെഷീനോടെ അറസ്റ് ചെയ്തത്രേ. അതിനു ശേഷം നാട്ടുകാർക്ക് നമ്മളെ സംശയമാണത്രേ.

ഹോട്ടലിൽ വെച്ച് നമ്മുടെ നാട്ടുകാരനായ ഒരു ഭയ്യയെ കണ്ടു. ഇവിടെ ജോലി ചെയ്‌താൽ നല്ല കൂലി കിട്ടുന്നുണ്ട് എന്നും നമ്മുടെ നാട്ടിലെ പോലെ രാവും പകലും പണിയെടുക്കേണ്ട എന്നുമൊക്കെയാണ് ഭയ്യ പറഞ്ഞത്. എട്ടു മണിക്കൂർ ജോലി ചെയ്‌താൽ നാട്ടിൽ കിട്ടുന്നതിന്റെ മൂന്നു നാല് ഇരട്ടി പൈസ കിട്ടുമത്രേ. മാത്രവുമല്ല തൊഴിലെടുക്കാൻ വരുന്ന പുറംനാട്ടുകാർക്ക് വേണ്ടി സർക്കാർ ഇൻഷൂറൻസ് കൊണ്ട് വരുന്നുണ്ടത്രേ.

ഇത്രയധികം അഭിവൃദ്ധിപ്പെടാൻ ഈ നാട് എത്രകാലം നമ്മൾ ഭരിച്ചിട്ടുണ്ട് എന്ന് ഭയ്യയോട് ചോദിച്ചു. നമ്മളെ അടുപ്പിക്കാത്തതുകൊണ്ടാണ് ഈ നാട് ഇങ്ങനെ നിൽക്കുന്നത് എന്നാണു ഭയ്യ പറഞ്ഞത് . കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരുമാണ് ഈ നാടിനെ ഇത്രയും കാലം ഭരിച്ചതും കൃഷി ചെയ്യാനുള്ള ഭൂമിയും വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും ഒരുക്കിയത് എന്ന് നാട്ടുകാരും പറയുന്നു.

മാതാജി, ഞാനിപ്പോ ഈ കത്തെഴുതുന്നത് ഒരു കാര്യം പറയാനാണ്. ഞാൻ ഇനി എവിടെയെങ്കിലും വല്ല ജോലിയും ചെയ്തു ജീവിക്കാൻ ആലോചിക്കുകയാണ്. ഇവിടെ കമ്യൂണിസ്റ് ഭീകരരും ഇല്ല, ജിഹാദികളുമില്ല, വിവരവും വിദ്യാഭ്യാസവുമുള്ള കുറെ മനുഷ്യന്മാർ മാത്രമേ ഉള്ളൂ .ജോലി ചെയ്തു അല്പം പണമൊക്കെ കൈയിൽ വരുമ്പോൾ ഞാൻ മാതാജിയെക്കാണാൻ വരും . എന്നിട്ടു കൂടുതൽ വിശേഷങ്ങൾ അറിയിക്കാം .

സസ്നേഹം