ഭീകരത ഒഴിവാക്കിയാല്‍ പാക്കിസ്ഥാന് ഇന്ത്യയില്‍ നിന്നും മെച്ചപ്പെട്ട സഹായമുണ്ടാകുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തയാറായാല്‍ പാക്കിസ്ഥാന് ഇന്ത്യയുടെ ഭാഗത്തുനിന്നു സാമ്പത്തീക സഹായമടക്കം ശക്തമായ ധാരാളം മെച്ചങ്ങളുണ്ടാകുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്.

യു.എസ് സെനറ്റര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
”അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും തയാറാവുകയാണെങ്കില്‍ അയല്‍ക്കാരെന്ന നിലയില്‍ പാക്കിസ്ഥാന്റെ വികസനത്തില്‍ ഇന്ത്യക്കു വലിയ പങ്കു വഹിക്കാന്‍ കഴിയും.”-ജിം മാറ്റിസ് പറഞ്ഞു.

അടുത്തിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണേഷ്യന്‍ പോളിസി പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായാണ് മാറ്റിസിന്റെ പരാമര്‍ശം. ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് പാക്കിസ്ഥാനെ അകറ്റിനിര്‍ത്തുന്ന നിലപാടാണ് പുതിയ നയത്തില്‍അമേരിക്ക സ്വീകരിച്ചിട്ടുള്ളത്.