ചാലക്കുടി കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കണം; പിസി ജോര്‍ജ്ജ്, സര്‍ക്കാരിനും അഭിഭാഷകനുമെതിരെ രൂക്ഷ വിമര്‍ശനം
കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മറ്റൊരു ഇടപെടലുമായി പിസി ജോര്‍ജ്ജ്. ചാലക്കുടി വീരംപറമ്പില്‍ രാജീവന്‍ കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ആലുവ റൂറല്‍ എസ്.പി. യുടെ പങ്കാളിത്തം ഉണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് സംസ്ഥാന പോലീസ് അന്വേഷിക്കുന്നത് മോഷണം തെളിയിക്കാന്‍ മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതിന് തുല്യമാണെന്നും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന സി.പി.എം. നേതാക്കള്‍ക്ക് വേണ്ടി സ്ഥിരമായി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ മുഖ്യപ്രതിസ്ഥാനത്തുളള കൊലക്കേസ് സംസ്ഥാന പോലീസ് അന്വേഷിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനും പ്രതികളെ രക്ഷപ്പെടുത്തുവാനുമാണെന്നും പിസി ജോര്‍ജ്ജ് അരോപിച്ചു.
ഹൈക്കോടതി ജീവനും സ്വത്തിനും സംരംക്ഷണം കൊടുക്കുവാന്‍ ഉത്തരവിട്ട ഒരു മനുഷ്യനാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നത് ഭരണ തലത്തിലും പോലീസിലും നിയമ വൃത്തങ്ങളിലും വലിയ സ്വാധീനങ്ങളുളള ഒരു പ്രമുഖ അഭിഭാഷകനും ഉന്നത പോലീസ് ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലിലുളള ഈ കേസ് ഒരു കാരണവശാലും സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ തെളിയുകയില്ല. പ്രതിസ്ഥാനത്തുളള അഭിഭാഷകന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാരിക്കൂട്ടിയ കണക്കില്ലാത്ത ഭൂസ്വത്തില്‍ സി.പി.എം. ലെ പല പ്രമാണിമാര്‍ക്കും ബിനാമി പേരുകളില്‍ ഓഹരി ഉണ്ട്.
ചാലക്കുടിയിലുളള പതിനേഴ് ഏക്കര്‍ സ്ഥലം, ചിറ്റൂര്‍ താലൂക്കിലെ മുന്നരക്കോടിയുടെ സ്ഥലം, ഏലൂര്‍ വ്യവസായ മേഖലയ്ക്കടുത്ത് ശതകോടികളുടെ ഭൂ ഉടമസ്ഥാവകാശം ഇതെല്ലാം ഈ അഭിഭാഷകനുളള അമ്പരപ്പിക്കുന്ന സമ്പാദ്യങ്ങളാണ്. കേരളത്തില്‍ ഉയര്‍ന്ന് വന്ന പ്രമാദമായ കേസുകളായ വിതുര കേസ്, ജിഷ വധക്കേസ്, ജിഷ്ണു പ്രണോയ് കേസ്, എല്ലാം പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകനാണ് ചാലക്കുടി കൊലക്കേസിലും ആരോപണവിധയനായിട്ടുളളത്.
തൊഴില്‍പരമായ വരുമാനത്തിനപ്പുറം യാതൊരുവിധത്തിലുളള വരുമാന സ്രോതസ്സുമില്ലാത്ത ഇയാള്‍ക്ക് എങ്ങനെ ഇത്രയും സമ്പത്തുണ്ടായി എന്നതിനെ സംബന്ധിച്ച് ആധികാരികമായ അന്വേഷണം നടത്തണം. കൊല ചെയ്യപ്പെട്ട രാജീവ് കക്ഷിയായിട്ടാണ് വക്കീലിനെ സമീപിച്ചത്. രാജീവിന്റെ എതിര്‍കക്ഷിയുമായി ചേര്‍ന്ന് അഭിഭാഷകവൃത്തിയുടെ അന്തസ്സിന് കളങ്കം ചാര്‍ത്തിയ ഇയാള്‍ ക്രൂരമായ ക്രിമിനല്‍ മനസ്സിന്റെ ഉടമയാണെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.
ഈ കൊലപാതകം ഉള്‍പ്പെടുന്ന സംഭവവും അതിന്റെ വിശദാശങ്ങളും ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി പുറത്ത് പറഞ്ഞു. ആലുവ റൂറല്‍ എസ്.പി. ഓഫീസില്‍ വെച്ച് ചാലക്കുടി കൊലക്കേസിലെ പ്രതിസ്ഥാനത്തുളള അഭിഭാഷകന് എഗ്രിമെന്റ് ഓഹരി നല്‍കി എന്ന അക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനന്റെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് കോടികളുടെ ക്യാഷ് ഡീലിങ്ങ്‌സ് നടന്നു എന്ന ആരോപണം ഈ കൊലക്കേസിനെ സംബന്ധിച്ച് പ്രസക്തമാണ്.
മരണപ്പെട്ട രാജീവിനും മകനും സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പോലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഈ കേസിലെ 5-ാം പ്രതിയാണ് ആരോപണവിധയനായിരിക്കുന്ന അഭിഭാഷക പ്രമുഖന്‍. ഇതില്‍ 6-ാം പ്രതിയാണ് ചക്കരജോണി, 7-ാം പ്രതി രഞ്ജിത്ത്, 8-ാം പ്രതി ഒരു സന്തോഷ്. ഇതില്‍ 6 ഉം 7 ഉം പ്രതികള്‍ക്ക് 5-ാം പ്രതിയായ അഭിഭാഷകന്‍ ക്വട്ടേഷന്‍ കൊടുത്ത് നടത്തിയ കൊലപാതകമാണ് ചാലക്കുടി കൊലക്കേസ് എന്നും പിസി പറഞ്ഞു
pc 126/2017 എന്ന നമ്പരായി എറണാകുളം സി.ജെ.എം. കോടതയില്‍ ബി.ജെ.പി. നേതാവ് വി. മുരളീധരന്‍ കൊടുത്തിരിക്കുന്ന മാനനഷ്ടക്കേസില്‍ പ്രതിസ്ഥാനത്തുളള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുവേണ്ടി ഹാജരായത് ഈ ആരോപണ വിധയനായ അഭിഭാഷകനാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി സി.പി.എം. നേതാക്കള്‍ക്കുവേണ്ടി ഇയാള്‍ കേസുകള്‍ നടത്തുന്നുണ്ട്.
വളരെ പ്രസക്തമായ മറ്റൊരു കാര്യം കേരള ഹൈക്കോടതിയിലെ പല സീനീയര്‍ ജഡ്ജിമാരുടെ മക്കള്‍ ഈ അഭിഭാഷകന്റെ ജൂനിയര്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. വളരെ പ്രകടവും വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടായിട്ടും കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യ ഉത്തരവ് സമ്പാദിക്കാനുളള സൗകര്യം ഇയാള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തുകൊടുത്തതിന്റെ പിന്നിലുളള കാരണങ്ങള്‍ ഇതാണെന്നും പിസി പറഞ്ഞു. ആലുവ റൂറല്‍ എസ്.പി.യുടെ അവിഹിതമായ ഇടപെടലും സ്വാധീനവും ഈ കേസില്‍ ഉടനീളം പ്രകടവും വ്യക്തവുമാണ്.
ഇപ്പോള്‍ നടന്നിരിക്കുന്ന പ്രതികളുടെ അറസ്റ്റ് പോലും ആലുവ റൂറല്‍ എസ്.പി. യുടെ തിരക്കഥ അനുസരിച്ചാണ് നടന്നത്. ആലുവ റൂറല്‍ എസ്.പിയെയും ഈ പ്രമുഖ അഭിഭാഷകനെയും ഒപ്പം ഇരുത്തി ഒരു നിഷ്പക്ഷ ഏജന്‍സി 10 മിനിറ്റ് ചോദ്യം ചെയ്താല്‍ ഈ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയോ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷനെയോ അപ്പപ്പോള്‍ വിവരിമറിയിക്കാതെയും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അല്ലാതെയും ഈ പ്രമുഖ അഭിഭാഷകന്‍ പ്രതിയായ ഈ കേസന്വേഷണത്തിന്റെ ഒരു ഘട്ടം പോലും മുന്നോട്ട് കൊണ്ടുപോകുവാന്‍ കേരള പോലീസിന് കഴിയുകയില്ല. അതുകൊണ്ട് സത്യം പുറത്ത് വരുവാന്‍ സി.ബി.ഐ. അന്വേഷണം കൊണ്ടല്ലാതെ കഴിയുകയില്ലന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ കേരള ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും പങ്കെടുത്തു.