മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് തളിച്ച കീടനാശിനി ശ്വസിച്ച 18 കര്‍ഷകര്‍ കൊല്ലപ്പെട്ടു ; 400 പേര്‍ ആശുപത്രികളില്‍ ; പലര്‍ക്കും കാഴ്ച്ചശക്തി നഷ്ടമായി
നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ചവരാണ് മരണപ്പെട്ടത്.കൂടാതെ 400 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ പരുത്തിയെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പ്രൊഫെക്‌സ് സൂപ്പര്‍ എന്ന കീടനാശിനിയാണ് ദുരന്തം വിതച്ചത്. കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയത് ഈ കീടനാശിനിയാണെന്ന് സ്ഥിരീകരിച്ചു. പ്രൊഫെഫോനോസ്, സൈപ്പെര്‍ മെത്രിന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന കീടനാശിനി ചെടിക്ക് തളിച്ച 18 കര്‍ഷകരാണ് മരണത്തിന് കീഴടങ്ങിയത്. ചില കര്‍ഷകര്‍ക്ക് വിഷബാധയേറ്റ് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.
ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് പരുത്തിച്ചെടികള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് ഇത്രയും മരണം സംഭവിച്ചത്. അതേസമയം മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കീടനാശിനി ശ്വസിച്ച് മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലാണ് കര്‍ഷക ആത്മഹത്യ കൂടുതലായും നടന്നിട്ടുള്ളത്. കര്‍ഷകര്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന കര്‍ഷക മരണങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമം നടന്നെന്നും സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
എന്നാല്‍ വാര്‍ത്തകള്‍ പുറം ലോകം അറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിലും സര്‍ക്കാര്‍ മടി കാണിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലം പരുത്തി ചെടികളില്‍ ഈ വര്‍ഷം കീടങ്ങളുടെ ആക്രമണം കൂടുതലായിരുന്നു. ഇതുമൂലം വീര്യം കൂടിയ കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളില്ലാത്തതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായി പറയുന്നത്.