ഇന്ധന വിലവര്‍ധന: ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍

വേങ്ങര: ഇന്ധനവില വര്‍ധന, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13, വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത കണ്ടെത്താനോ ഇതുമൂലം പൊതുജനത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കാനൊ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ആരോപിച്ചു. കുതിച്ചുയരുന്ന ഇന്ധനവില വര്‍ധന നിയന്ത്രിക്കാനും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.