നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം ; തമിഴ് താരം പ്രകാശ് രാജിനെതിരെ കേസ്

ലക്‌നോ : പ്രധാനമന്ത്രിക്ക് എതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് താരം പ്രകാശ് രാജിനെതിരെ കേസ്. ലക്‌നോ കോടതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മോദിയുടെ മൗനം പ്രകാശ് രാജ് ചോദ്യം ചെയ്തിരുന്നു. മോദി തന്നെക്കാള്‍ നല്ല നടനാണെന്നും ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുണക്കുന്നത് മോദി നിഷേധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ മോദി പിന്തുടരുന്നുണ്ടെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടിയിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അദ്ദേഹം പിന്നീട് നിഷേധിച്ചു. തുടര്‍ന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഒരു പൗരന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ കൊലക്കു പിന്നാലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അവരെ അധിക്ഷേപിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ മോദി ഇടപെടാത്തത് ആണ് താരം ചോദ്യം ചെയ്തത്. ഗൗരി ലങ്കേഷും കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു പ്രകാശ് രാജിന് ഉണ്ടായിരുന്നത്.