ഇനി സംസ്ഥാനങ്ങള്‍ ചുമക്കണം; ഇന്ധന നികുതിയില്‍ കേന്ദ്രം ഉത്തരവിറക്കി, സംസ്ഥാനങ്ങള്‍ പ്രതിസന്ധിയിലാകും

 

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനു പിന്നാലെ ബാക്കി നികുതി ഭാരം സംസ്ഥാനങ്ങളുടെ തലയില്‍ വെച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൂല്യവര്‍ധിത നികുതി(വാറ്റ്) ഒഴിവാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി.

പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇതു സംബന്ധിച്ചു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കു കത്തെഴുതിയതായാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 25 മുതല്‍ 49 ശതമാനം വരെയാണു വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി. ഇത് ഒഴിവാക്കിയാല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുത്തനെ ഇടിയുകയും ചെയ്യും.

ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡില്‍(ലിറ്ററിന് 59.14 രൂപ) എത്തിയതോടെ പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം എക്‌സൈസ് ഡ്യൂട്ടി കുറച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണു നികുതിഭാരം കേന്ദ്രം സംസ്ഥാനങ്ങളുടെമേല്‍ ചുമത്തിയത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിനു 12 രൂപയും ഡീസല്‍ ലിറ്ററിന് 14.27 രൂപയുമാണു ഡ്യൂട്ടി ഇനത്തില്‍ കേന്ദ്രം വര്‍ധിപ്പിച്ചത്. ആഗോളവിപണിയില്‍ 115 ഡോളറില്‍നിന്ന് 22 ഡോളറിലേക്ക് ഒരു വീപ്പ ക്രൂഡ് ഓയിലിനു വില കുറഞ്ഞ സാഹചര്യം മുതലെടുത്താണു കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കൂട്ടിയിരുന്നത്. ഇപ്പോള്‍ അന്താരാഷ്ട്ര വില 56 ഡോളറാണ്.

2014 നവംബര്‍ മുതല്‍ ഒമ്പതു തവണ ഡ്യൂട്ടി കൂട്ടി. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇവയുടെ വിലവര്‍ധന തടയാന്‍ വേണ്ടി ഡ്യൂട്ടി കുറച്ചിരുന്നു. ഡീസലിനു 3.56 രൂപയും പെട്രോളിന് 9.48 രൂപയുമായിരുന്നു അന്ന്. അത് ഡീസലിന് 17.33 രൂപയും പെട്രോളിന് 21.48 രൂപയുമായി മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതാണ് ഇപ്പോള്‍ രണ്ടു രൂപ വീതം കുറച്ചത്.

ജൂണ്‍ 16നു ദിവസേന വില മാറുന്ന രീതിയിലേക്കു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയം മാറ്റിയിരുന്നു. അതിനു മുന്‍പ് 15 വര്‍ഷം മാസത്തില്‍ രണ്ടു തവണ വില മാറുന്ന രീതിയിലായിരുന്നു. ദിവസേന വില മാറ്റല്‍ തുടങ്ങി രണ്ടാഴ്ച വില കുറഞ്ഞു. പിന്നീടു സാവധാനം കയറി. റിക്കാര്‍ഡ് നിലവാരത്തിനു സമീപമെത്തി.