യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മലയാളികളുടെ കൂട്ട പൊങ്കാല

കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് എത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വാഗതമേകിയുള്ള കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പതിവുതെറ്റിക്കാതെ കൂട്ട പൊങ്കാലയുമായി സ്വാഗതം ചെയ്യുകയാണ് മലയാളികള്‍.

സ്വന്തം നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ഒന്നും ചെയ്യാത്ത യോഗി കേരളത്തില്‍ എങ്ങനെ ജനരക്ഷയെ കുറിച്ച് സംസാരിക്കുമെന്നും അതിനുള്ള യോഗ്യതയില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
”യോഗി ആദിത്യനാഥിന് വീരബലിദാനികളുടെ മണ്ണിലേക്കു സുസ്വാഗതം. ചുവപ്പു ഭീകരരും ജിഹാദി ഭീകരരും കൈകോര്‍ക്കുന്ന കേരളത്തിന്റ വര്‍ത്തമാന ഭീഷണി നേരിടാന്‍ അങ്ങയുടെ സാന്നിധ്യം സമാധാനം ആഗ്രഹിക്കുന്ന കേരളജനതക്ക് ആവേശമായി മാറും.” എന്ന ക്യാപ്ഷനോടു കൂടിയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ജീവിക്കുന്ന സ്വന്തം നാടിനെ കുറ്റപ്പെടുത്തി പറഞ്ഞിട്ട് വേണം മിഷ്ടര്‍ സുരേന്ദ്രന്‍ നിങ്ങള്‍ ഒരു അതിഥിയെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കാന്‍. മനസ്സില്‍ വിഷം കലരാതെ നല്ല രീതിയില്‍ പെരുമാറി നോക്ക്. നിങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ അംഗീകാരം കിട്ടും.’ എന്നായിരുന്നു ഒരു കമന്റ്.
#ഓട്_യോഗി_കണ്ടം_വഴി- ഹാഷ്ടാഗുമായി കമന്റ് ഇട്ടവരും ഏറെ.

പോസ്റ്റിനെതിരെ കമെന്റ് ചെയ്തുകൊണ്ടാണ് മലയാളികള്‍ സുരേന്ദ്രന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നത്. പലരും രസകരമായ രീതിയിലാണ് സുരേന്ദ്രന്റെ പോസ്റ്റിനെ വിമര്‍ശിക്കുന്നത്. ‘ഞങ്ങള്‍ ഇത്തിരി സമാധാനത്തോടെ ജീവിച്ചോട്ടെ സുരേന്ദ്രാ’ എന്നാണ് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളില്‍ ഒന്ന്.

ഒരു വിധം എല്ല സാമൂഹിക ക്ഷേമ സൂചികകളിലും ഒന്നാമത് നില്‍ക്കുന്ന കേരളത്തെ വിരട്ടാന്‍ ഉത്തരേന്ത്യയില്‍ നിന്ന് കെട്ടിയെടുക്കുന്ന അവതാരം..യു.പില്‍ നിന്നും യോഗി. ഉളുപ്പുണ്ടോ യോഗി അനക്ക്. ജനരക്ഷാ യാത്രക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ വളരെ കുറവാണെന്നതാണ് ഇതിലെ രസകരമായ വസ്തുത.

ഇന്നലെ യാത്രയുടെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ അമിത് ഷായേയും പൊങ്കാലയിട്ടായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. അലവലാതി റിട്ടേണ്‍സ് എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു അമിതിനെ സോഷ്യല്‍ മീഡിയ ട്രോളിയത്.