താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ് അടിമത്വത്തിന്റെ പ്രതീകം; അവ പെളിച്ചുകളയണമെന്ന് അസം ഖാന്‍
ഉത്തര്‍പ്രദേശിന്റെ വിനോദസഞ്ചാര മാപ്പില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ താജ് മഹലിനെച്ചൊല്ലി വീണ്ടും വിവാദം ശക്തമാകുന്നു. താജ് മഹല്‍ പൊളിക്കാന്‍ യു.പി. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നു സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്‍ പറഞ്ഞു.
യു.പി. സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം മാപ്പിലും ബ്രോഷറിലും താജ്മഹലിനെ ഒഴിവാക്കിയത് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അസംഖാന്റെ പ്രസ്താവന.
‘യോഗി ആദിത്യനാഥിന്റെ തീരുമാനം നല്ലതാണ്. കുറച്ചു കാലങ്ങളായി തുടരുന്ന പ്രശ്‌നമാണിത്. താജ് മഹല്‍, കുത്തബ് മിനാര്‍, ചെങ്കോട്ട, പാര്‍ലമെന്റ് തുടങ്ങിയവ അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. ഇവ പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും അസംഖാന്‍ പറഞ്ഞു.
അതേസമയം, താജ് മഹലിനെ ഒഴിവാക്കിയ വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി രംഗത്തെത്തി. താജ് മഹല്‍ നമ്മുടെ പൈതൃക കേന്ദ്രവും ലോകത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ്. താജ് മഹലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ടയാളാണ് മുന്‍ മന്ത്രി കൂടിയായ അസംഖാന്‍.