തമിഴ്നാട് വിശ്വാസവോട്ടെടുപ്പ്: ഡിഎംകെയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍,വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഡി.എം.കെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അയോഗ്യരാക്കിയതിനെതിരെ ടി.ടി.വി ദിനകരന്‍ പക്ഷത്തെ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലും കോടതിയില്‍ ഇന്ന് അന്തിമവാദം നടക്കും. ഇരുകേസുകളിലെയും വിധി എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഏറെ നിര്‍ണായകമാണ്.
കൂറുമാറ്റനിരോധനനിയമപ്രകാരം 18 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കഴിയുമോ എന്ന കാര്യം കോടതി വിശദമായി പരിശോധിക്കും.തമിഴ്‌നാട്ടില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍ നടത്തിയ ഈ നീക്കം നിയമപരമായി നിലനില്‍ക്കുമോ എന്ന് കോടതി വിധി വരുന്നതോടെ അറിയാന്‍ കഴിയും. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നല്‍കിയ ഹര്‍ജിയിലും ദിനകരന്‍ പക്ഷത്തെ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ ഹര്‍ജിയിലുമായി ഇന്ന് അന്തിമവാദമാണ് നടക്കുക.
ഹൈക്കോടതിയില്‍ പുതിയ നിയമനങ്ങള്‍ വന്നതിനാല്‍ ജസ്റ്റിസ് കെ.രവിചന്ദ്രബാബുവിന്റെ പുതിയ സിംഗിള്‍ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. മുഖ്യമന്ത്രിക്ക് പിന്തുണ പിന്‍വലിച്ചതുകൊണ്ട് മാത്രം കൂറുമാറ്റനിരോധനനിയമപ്രകാരം 18 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കഴിയുമോ എന്ന കാര്യം വിശദമായി പരിശോധിചാ ശേഷം കോടതി വിധി പറയും. അയോഗ്യരാക്കിയ നടപടി നിലനില്‍ക്കില്ലയെങ്കില്‍ എടപ്പാടി പളനി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുമത്. വാദം പൂര്‍ത്തിയായ ശേഷം വിധി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാനാണ് സാധ്യത. അത് വരെ വിശ്വാസവോട്ടെടുപ്പിന്‍മേലുള്ള സ്റ്റേയും തുടരും.