ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള പോലീസ് പൊളിച്ചു ; ലക്ഷ്യം വെച്ചത് 2000 കോടി രൂപ ; തയ്യാറാക്കിയത് 600 മീറ്റര്‍ തുരങ്കം
നടന്നിരുന്നുവെങ്കില്‍ ഒരു പക്ഷെ ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയിലേക്ക് നയിച്ചേക്കാമായിരുന്ന പദ്ധതി പോലീസ് പൊളിച്ചു. മോഷണത്തിന് വേണ്ടിയുള്ള മൂന്ന് മാസം നീണ്ട കഠിനമായ കള്ളന്മാരുടെ അധ്വാനം ക്ലൈമാക്സിന് തൊട്ടുമുന്‍പ് പോലീസ് തടയുകയായിരുന്നു. സാവോപോളോയിലെ ഒരു പ്രമുഖ ബാങ്ക് കൊള്ളയടിക്കാനായിരുന്നു ഒരു കൂട്ടം മോഷ്ടാക്കളുടെ പദ്ധതി. ഇതിനായി ഇവര്‍ തീര്‍ത്തത് പ്രൊഫഷണല്‍ നിര്‍മാതാക്കളെ വെല്ലുന്ന തരത്തിലുള്ള 600 മീറ്റര്‍ തുരങ്കമാണ്. തുരങ്കത്തെ താങ്ങി നിര്‍ത്താനുള്ള ഇരുമ്പ് തൂണുകള്‍, പണം വലിച്ച് കൊണ്ട് പോവാനുള്ള പ്രത്യേകം ട്രാക്കുകള്‍ എന്തിന് വൈദ്യുതി പോലും മോഷ്ടക്കാള്‍ തുരങ്കത്തിനുള്ളില്‍ തയ്യാറാക്കിയിരുന്നു. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് മൂന്ന് മാസത്തോളം പണിതാണ് ആരുമറിയാതെ ഇവര്‍ തുരങ്കം തീര്‍ത്തത്.
ഇതില്‍ ഉള്‍പെട്ട 16 പേരെയാണ് ബ്രസീലിയന്‍ പോലീസ് പിടികൂടിയത്. 100 കോടി റിയാസ്(ബ്രസീല്‍ കറന്‍സി) ഏകദേശം 317 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ രൂപ കണക്കില്‍ പറഞ്ഞാല്‍ 2000 കോടി രൂപ ഇതായിരുന്നു മോഷ്ട്ടാക്കളുടെ ലക്ഷ്യം. നടന്നിരുന്നുവെങ്കില്‍ ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ മോഷണങ്ങളില്‍ ഒന്നായി ഇത് മാറുമെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രത്യേകം ഫാനിന്റെയും ലൈറ്റുകളുടെയും സഹായത്തോടെ സമീപത്തുള്ള ഒരു വീടിന്‍റെ ഉള്ളില്‍ നിന്നാണ് ഇവര്‍ തുരങ്കം നിര്‍മ്മിച്ചത്.