‘അവന്റെ’ കേസ് നിലനില്‍ക്കില്ല; കൊച്ചിയിലെ സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷണം ഇങ്ങനെ, പോലീസിനും വിമര്‍ശനം

കൊച്ചി: യുവതികളുടെ ആക്രമണത്തിരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് നിലനിക്കില്ലെന്ന് ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഡ്രൈവര്‍ക്കെതിരെ നിലനില്‍ക്കുന്നതല്ല. ജാമ്യത്തിനായി ഡ്രൈവര്‍ ഷെഫീഖിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം ഉടനുണ്ടാവണമെന്ന് ഹൈക്കോടതി, മജിസ്‌ട്രേറ്റ് കോടതിക്കു നിര്‍ദേശം നല്‍കി. കേസെടുത്ത മരട് പൊലീസിനെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മരട് എസ്സ്.ഐയെയാണ് കോടതി വിമര്‍ശിച്ചത്.

ഷെഫീഖിനെ ആക്രമിച്ച യുവതികള്‍ മരട് പോലീസില്‍ നല്‍കിയ പരാതിയില്‍ മരട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഷെഫീഖിനെതിരെ കേസെടുത്തത്. ഇതില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പു ചേര്‍ത്ത നടപടിയെയാണ് പൊലീസ് വിമര്‍ശിച്ചത്. ഇതിനായി മതിയായ തെളിവോ സാഹചര്യമോ ഇല്ലാതെയാണു കേസെടുത്തിരിക്കുന്നതെന്നും കോടതി വിലയിരുത്തി.

സെപ്റ്റംബര്‍ 20ന് രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്‌ഷന്‌ സമീപത്തുവച്ചാണു ടാക്‌സി ഡ്രൈവറെ യുവതികള്‍ആക്രമിച്ചത്. ബുക്ക് ചെയ്ത് എത്തിയ കാറില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടായിരുന്നത യുവതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പൂള്‍ ടാക്‌സി പ്രകാരം കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാകുമെന്നും നിലവിലുള്ള യാത്രക്കാരനെ മാറ്റാനാവില്ലെന്നും ഡ്രൈവര്‍ നിലപാടുത്തു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവതികള്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നുവെന്ന പരാതിയുമായി ഷെഫീഖാണ് ആദ്യം പോലീസിനെ സമീപിച്ചത്.

എന്നാല്‍, ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ്, യുവതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു യുവതിയെ ആശുപത്രിയിലേക്കു മാറ്റി. യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണു പ്രകോപനത്തിനു കാരണമായി യുവതികള്‍ പറയുന്നത്.

പിന്നീട് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഷെഫീഖിനെതിരെ പോലീസ് ജാമ്യമില്ലവകുപ്പ് പ്രകാരം കേസെടുത്തത്. ഇതിനെതിരെ ഷെഫീഖ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.