ദിലീപിന്റെ ക്വട്ടേഷന്‍ തന്നെ; ഏഴാം പ്രതി രഹസ്യമൊഴി നല്‍കി, ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കാനുറച്ച് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കൂടുതല്‍ കുരുക്കായി ഏഴാം പ്രതിയുടെ രഹസ്യ മൊഴി.കോയമ്പത്തൂരില്‍ സ്വന്തം സ്ഥലത്ത് സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളിയാണ് ഏഴാംപ്രതി. ദിലീപിന്റെ ക്വട്ടേഷനാണെന്നു മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഏഴാം പ്രതിയായ ചാര്‍ലിയോടു പറഞ്ഞിരുന്നു. ഇതോടെ ഏഴാം പ്രതിയെ മാപ്പു സാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികള്‍ ഫോണില്‍ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു. പിടിയിലായപ്പോള്‍ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്. ഉന്നത ഇടപെടലിനെതുടര്‍ന്നാണ് മൊഴിയില്‍ അന്വേഷണം ഉണ്ടാകാതിരുന്നതെന്നും ആരോപണമുണ്ട്.കോയമ്പത്തൂരിലെ ചാര്‍ളിയുടെ താമസസ്ഥലത്താണ് പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് മുഖ്യപ്രതി സുനില്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞത്. ദിലീപിന്റെ ക്വട്ടേഷനെന്ന് സുനില്‍കുമാര്‍ ആദ്യം പറഞ്ഞത് ചാര്‍ളിയോടായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്.

ഇതോടെ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറോട് ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്നു വിശദമായി ആലോചിക്കണം. റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാരുമായി ചര്‍ച്ചചെയ്യും. ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാരാണു തുടര്‍ നടപടിയെടുക്കേണ്ടത്.-ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ദിലീപിനെതിരെ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പൊലീസിന് ലഭിച്ച നിര്‍ണായക തെളിവായിരിക്കുകയാണ് ചാര്‍ളിയുടെ രഹസ്യമൊഴി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് ദിലീപ് ജയില്‍മോചിതനായത്.