സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചരണം: കേസെടുക്കാന്‍ നിര്‍ദ്ദേശം, ഐഡികള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലും പോലീസും

 

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സൈബര്‍ സെല്ലിന് മലപ്പുറം കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഇത്തരക്കാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് കളക്ടര്‍ അമിത് മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡി.എം.ഒ, ഡി.പി.എം എന്നിവരെ അറിയിക്കണം. മലപ്പുറം കളക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

തെറ്റായ പ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ ഐഡികള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐ.ടി. ആക്ട് പ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം.