ജനരക്ഷായാത്ര:അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍; സിപിഎം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന പദയാത്രക്ക് വന്‍സുരക്ഷ ഏര്‍പ്പെടുത്തി

കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയാണ് ഇന്ന് അമിത്ഷാ നയിക്കുന്ന പദയാത്ര കടന്നുപോകുന്നത്. മമ്പറത്ത് നിന്നാരംഭിച്ച് പിണറായി വഴി തലശേരി വരെയാണ് അമിത്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം പദയാത്രയില്‍ പങ്കെടുക്കുക. ജനരക്ഷായാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദയാത്രയില്‍ പങ്കെടുത്തിരുന്നു.

ജനരക്ഷായാത്രയെ നനഞ്ഞ പടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ യാത്ര. സി.പി.എം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലശേി പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് അഞ്ചിന് അമിത് ഷാ പൊതുയോഗത്തില്‍ പ്രസംഗിക്കും. ഉദ്ഘാടന ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ ഒന്‍പത് കിലോമീറ്റര്‍ ദൂരം അമിത് ഷാ യാത്രക്കൊപ്പമുണ്ടായിരുന്നു. കനത്ത സുരക്ഷയാണ് ജനരക്ഷായാത്രക്ക് കണ്ണൂരില്‍ ഉടനീളം ഒരുക്കിയിരിക്കുന്നത്. 15 ദിവസം നീണ്ടുനില്‍ക്കുന്ന ജനരക്ഷായാത്ര 17-നു തിരുവനന്തപുരത്ത് സമാപിക്കും.