അണ്ടര്‍ 17 ലോകകപ്പിന് നാളെ കിക്കോഫ്; ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തിലാണ്ട് രാജ്യം

നാല് വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി. ഇനി എല്ലാ കണ്ണുകളും പുല്‍ത്തകിടിയിലേക്ക്. ഏകദേശം ഒരു മാസത്തെ ഉല്‍സവം. രാജ്യത്ത് ഇനി ഫുട്‌ബോള്‍ ലഹരിയുടെ നാളുകള്‍. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് നാളെ തിരിതെളിയും. ഇനിയങ്ങോട്ട് ഓരോ ടീമിന് വേണ്ടിയും ഉച്ചത്തില്‍ തൊണ്ടപൊട്ടിക്കാനും, കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനുമാകും ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് സമയം.കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ചാംപ്യന്‍ഷിപ്പ് നേരിട്ട് ആസ്വദിക്കാന്‍ ഒരു ദിവസംകൂടി കാത്തിരിക്കണം.

ലോകകപ്പ് പോരാട്ടങ്ങള്‍ ടിവിയില്‍ മാത്രം കണ്ട് ആവേശഭരിതരായിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍, നാളെമുതല്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനങ്ങളെ കണ്മുന്നില്‍ക്കാണും. ആറ് ഗ്രൂപ്പുകള്‍, 24 ടീമുകള്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. കൂടെയുള്ളത് രണ്ട് തവണ ചാംപ്യന്‍മാരായ ഘാന, അമേരിക്ക, കൊളംബിയ എന്നിവര്‍.

ലോകക്കപ്പില്‍ ആദ്യമായാണ് ഇന്ത്യ കളിക്കുന്നത്.ആതിഥേയ രാജ്യമെന്ന പരിഗണയില്‍.പക്ഷെ ലോകത്തെ ഞെട്ടിക്കാന്‍ ചിലത് ഇന്ത്യന്‍ കൗമാരം കാത്ത് വെച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുകയാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും. കളത്തിലിറങ്ങുമ്പോള്‍ ഗോള്‍ എന്ന ഒറ്റ ചിന്തയില്‍ മാത്രം കാലുകള്‍ ചലിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലാണ്ട് പിന്തുണയറിക്കാനും, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ അലറി വിളിച്ച് ആവേശം പകരാനും ആരാധകര്‍ സ്‌റേഡിയത്തിലുണ്ടാകും.കരുത്തരായ ബ്രസീലും, ജര്‍മ്മനിയും,സ്‌പെയിനുമൊക്കെ ബൂട്ട് കെട്ടുന്നുണ്ടെങ്കിലും ഇന്ത്യയിറങ്ങുമ്പോള്‍ നമുക്കെന്ത് ബ്രസീലും സ്‌പെയിനും.

ഫുട്‌ബോള്‍ പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളുമുണ്ട്. ഗ്രൂപ്പ് ഡിയില്‍ കൊച്ചിയില്‍ നടക്കുന്ന ബ്രസീല്‍-സ്പെയിന്‍ മല്‍സരമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇന്ത്യ ആദ്യമായി ലോകകപ്പിനിറങ്ങുന്ന അമേരിക്കക്കെതിരെയുള്ള പോരാട്ടം. ഗ്രൂപ്പ് എഫില്‍ ചിലി-ഇംഗ്ലണ്ട്, കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട്-മെക്സിക്കോ, ഗോവയില്‍ ഇറാന്‍-ജര്‍മനി തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം.