സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി ഇന്ധനവില കുറയ്ക്കാനാകില്ല; ഇത് കേന്ദ്രത്തിന്റെ തട്ടിപ്പെന്ന് തോമസ് ഐസക്

ഇന്ധനത്തിന്‍മേല്‍ സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി വില കുറയ്ക്കാനാകില്ലെന്നു മന്ത്രി തോമസ് ഐസക്. നികുതി കുറയ്ക്കുന്നതു ചിന്തിക്കാനേ കഴിയില്ല. എക്‌സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചതു കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണ്. ജി.എസ്.ടി. വരുത്തിവച്ച സാമ്പത്തിക ബാധ്യതയ്ക്കു പുറമെ അധികഭാരം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല.

വിലയേക്കാള്‍ വലിയ നികുതി പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നതു കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്. സംസ്ഥാനത്ത് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി കുറയ്ക്കാനുള്ള ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ധനങ്ങളുടെ വാറ്റ് അഞ്ചു ശതമാനം കുറയ്ക്കണമെന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടത്. വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ രണ്ട് രൂപ കുറച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.