ജനരക്ഷാ യാത്ര: പിണറായിയിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല; യാത്ര റദ്ദാക്കി

പിണറായി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പിണറായിലെത്തുമ്പോള്‍ പദയാത്രയില്‍ പങ്കെടുക്കാന്‍ ദേശിയ അധ്യക്ഷന്‍ അമിത് ഷാ എത്തില്ല. രാവിലെ മമ്പറത്തുനിന്ന് പര്യടനം തുടരുന്ന ജനരക്ഷായാത്ര പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു ബി.ജെ.പി അറിയിച്ചിരുന്നത്. ഇതിനായി കനത്ത സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് യാത്ര റദ്ദാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിലൂടെ യാത്ര കടന്നുപോകുമ്പോള്‍ അമിത് ഷാ യാത്രയില്‍ പങ്കെടുക്കുമെന്ന റിപ്പാര്‍ട്ട് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇത് റദ്ദാക്കിയതോടെ വ്യാഴാഴ്ച വൈകിട്ടത്തെ സമാപന പരിപാടിയിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് വിവരം.

ചൊവ്വാഴ്ച പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ഡല്‍ഹിക്ക് മടങ്ങിയ അമിത് ഷാ ഇന്ന് പിണറായിയില്‍ യാത്ര എത്തുമ്പോള്‍ പങ്കെടുക്കാന്‍ തിരിച്ചെത്തുമെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നത്. അമിത് ഷായുടെ വരവ് റദ്ദാക്കിയതിന്റെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ താങ്ങുന്നതുകൊണ്ടാണ് അമിത് ഷാ പദയാത്ര റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്.

അതെ സമയം കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകരുടെ ചിത്രങ്ങളും പേരുകളുമടങ്ങിയ ബോര്‍ഡുകള്‍ പിണറായി ടൗണിലും പരിസരത്തും വ്യാപകമായി സി.പി.എം. സ്ഥാപിച്ചിട്ടുണ്ട്. അമിത്ഷാ അടക്കമുള്ള ദേശീയനേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് പാര്‍ട്ടി പറയുന്നത്.