സണ്ണി ലിയോണിന്റെ ആരാധകരെ ജനരക്ഷായാത്രക്കായി ‘അടിച്ചുമാറ്റി’ അമിത് ഷാ; ഫോട്ടോ വിവാദത്തില്‍ പുലിവാല് പിടിച്ച് ബിജെപി
കോട്ടയം: ‘ഫോട്ടോഷോപ്പ്’ വിവാദത്തില്‍ വീണ്ടും നാണംകെട്ട് ബി.ജെ.പി.കേരളത്തില്‍ ജനരക്ഷാ യാത്രക്കെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്ന പേരില്‍ പ്രചരിപ്പിച്ച ചിത്രമാണു പാര്‍ട്ടിക്കു പുലിവാലായത്. ബി.ജെ.പി അനുഭാവമുള്ള ഔട്ട്‌സ്‌പോക്കന്‍ ഫെയ്‌സ്ബുക് ട്രോള്‍ പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പോസ്റ്റ് ചെയ്തതാകട്ടെ കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ ചിത്രമായിരിന്നു.
ബി.ജെ.പിക്ക് പറ്റിയ അബന്ധം തിരിച്ചറിഞ്ഞ ട്രോളന്മാര്‍ സമൂഹമാധ്യമത്തില്‍ യഥാര്‍ഥ ചിത്രത്തോടൊപ്പം അമിത് ഷായുള്ള വ്യാജ ചിത്രവും പങ്കുവച്ചതോടെ സംഗതി വൈറലായി. അമളി തിരിച്ചറിഞ്ഞ് വിവാദ ചിത്രം പേജില്‍നിന്നു പിന്‍വലിച്ചുവെങ്കിലും, സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദചിത്രം തരംഗമായിരുന്നു. ഇതാദ്യമായല്ല ബി.ജെ.പി ഫോട്ടോഷോപ്പ് വിവാദത്തില്‍പ്പെടുന്നത്.
ഇന്ത്യയിലെ 50,000 കിലോമീറ്റര്‍ റോഡുകള്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചു വൈദ്യുതീകരിച്ചതായി ഓഗസ്റ്റില്‍ കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തു. പക്ഷേ യഥാര്‍ത്ഥത്തില്‍ റഷ്യയിലെ റോഡിന്റെ ചിത്രമാണ് മന്ത്രി വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്.
ഇത് വിവാദമായപ്പോള്‍ ട്വീറ്റ് പിന്‍വലിച്ചു മന്ത്രി തടിയൂരി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ഥം വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഐടി സെല്ലിന്റെയും നേതാക്കളുടെയും വകയായുള്ള സമൂഹമാധ്യമ പ്രചാരണങ്ങളില്‍ പലപ്പോഴും വ്യാജ ചിത്രങ്ങള്‍ കടന്നുകൂടാറുള്ളത് ബി.ജെ.പിക്ക് പലപ്പോഴും തലവേദനയാകാറുണ്ട്.