മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാര്‍ ഇടിച്ചു നിന്നത് സ്‌കൂള്‍ കുട്ടികളുമായിപ്പോയ ഓട്ടോയില്‍; പോലീസ് കൈയ്യോടെ പൊക്കി, വീഡിയോ

കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ച് അപകടം. ചങ്ങനാശ്ശേരി പാലാത്ര ളായിക്കാട് ബൈപാസ് റോഡിലാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് യൂണിറ്റിലെ എ.എസ്.ഐ വി. സുരേഷ് ഓടിച്ച കാറാണ് മദ്യലഹരിയില്‍ അപകടമുണ്ടാക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരുക്കില്ല. എ.എസ്.ഐ മദ്യലഹരിയിലായിരുന്നുവെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു വക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. സുരേഷിനെ സസ്പെന്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയച്ചു.