അമ്മ ദൈവത്തിനെ നേരില്‍ക്കണ്ട പോലീസുകാരന്‍ സ്വന്തം ഇരിപ്പിടം നല്‍കി ; അവസാനം ജോലിയും പോയി
ആള്‍ ദൈവങ്ങളെ അല്ലേലും നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് വലിയ കാര്യമാണ്. പീഡനം , കൊലപാതകം എന്നി കേസുകളില്‍ ഉള്‍പ്പെട്ട് പല ആള്‍ദൈവങ്ങളും അഴികള്‍ക്കുള്ളിലാണ് എങ്കിലും നമ്മുടെ സ്നേഹത്തിനും ഭക്തിക്കും യാതൊരു കുറവും വന്നിട്ടില്ല. പല ആള്‍ ദൈവങ്ങളുടെയും പേരില്‍ ഒന്നില്‍ കൂടുതല്‍ പോലീസ് കേസുകള്‍ നിലവിലുണ്ട് എങ്കിലും പോലീസുകാര്‍ക്കും ഇവരെന്ന് വെച്ചാല്‍ ജീവനാണ്. അത്തരത്തില്‍ ഒരു ദൈവമാണ് രാധേ മാ. ഇടക്കലാത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഈ അമ്മ ഇപ്പോള്‍ വേണ്ടും വിവാദങ്ങളില്‍ അകപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ അമ്മയ്ക്ക് കിട്ടിയ സ്വീകരണമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ദില്ലി വിവേക് വിഹാർ പോലീസ് സ്റ്റേഷനിലാണ് ഗംഭീര സ്വീകരണം നൽകിയിരിക്കുന്നത്. ഇവർ സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതുവരെ പോലീസുകാർ ‘രാധേ മാ’ എന്ന് സ്തുതിച്ചുകൊണ്ടിരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) എണീറ്റ് തന്റെ കസേരയിൽ രാധേ മായെ ഇരുത്തിയ ചിത്രവും പൊലീസുകാർ ഇവരോടൊപ്പം പാട്ടുപാടുന്നതായും വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഹിന്ദു സന്യാസിമാരുടെ പരമോന്നത സംഘടന അഖില ഭാരതീയ അഖാര പരിഷത്തിന്റെ പുതിയ ‘വ്യാജ ആത്മീയ നേതാക്കളുടെ’ പട്ടികയിലുൾപ്പെട്ടയാളാണ് രാധേ മാ. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28ന് ആണ് രാധേ മാ സ്റ്റേഷനിൽ എത്തിയത്. ബോളിവുഡ് പാട്ടുകള്‍ക്കനുസരിച്ചു നൃത്തം ചെയ്താണ് ആളുകളെ അനുഗ്രഹിക്കുന്നയാളാണ് രാധേ മാ. ബോളിവുഡിലും രാഷ്ട്രീയത്തിലും ഇവർക്ക് നല്ല സ്വധീനം ഉണ്ട്. 2003ല്‍ ദുര്‍ഗാ ദേവിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട്, പേരുമാറ്റിയാണ് രാധേ മായുടെ രംഗപ്രവേശം. ബോളിവുഡ് താരങ്ങൾ നിത്യ സന്ദര്‍ശകരായതോടെ രാധേ മാ മുംബൈയിലെ ഗ്ലാമര്‍ ആള്‍ദൈവമായി. അതുപോലെ ബോളിവുഡ് നടിമാര്‍ ധരിക്കുന്നത് പോലെ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള അമ്മയുടെ ചിത്രങ്ങള്‍ ഇടയ്ക്ക് വൈറല്‍ ആയിരുന്നു. പഞ്ചാബിലെ ദൊരന്‍ഗല ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച രാധേയുടെ യഥാര്‍ഥ പേര് സുഖ്‌വീന്ദര്‍ കൗർ. പതിനേഴാം വയസിൽ വിവാഹിതയായി. ഭർത്താവും കുട്ടികളും ഇവരോടൊപ്പം ആശ്രമത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നവരാത്രി ചടങ്ങിനെത്തിയ രാധേ മായ്ക്കു ചുറ്റും കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി അവരെ സ്റ്റേഷനിലേക്ക് മാറ്റിയതെന്നാണ് പോലീസിന്റെ വാദം. എന്തായാലും കസേര ഒഴിഞ്ഞു കൊടുത്ത ഉദ്യോഗസ്ഥന്‍റെ കസേര താല്‍ക്കാലികമായി തെറിച്ചു എന്നാണു ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.