ഇനിയും ഹര്‍ത്താല്‍ മാ’നാ’റ്റിക്കരുത് പ്ലീസ്… ചെന്നിത്തല പിടിച്ച പുലിവാല്, ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മുന്നു തവണ
പണ്ട് ഗോളിയായിരുനെന്ന് ചെന്നിത്തല, എന്നിട്ടാണോ കൗമാര ലോകകപ്പിന് തുടക്കമാകുന്ന ദിനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് മറുചോദ്യം. ഇന്നലെ മലപ്പുറം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത മീറ്റ് ദി പ്രസിലാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്.
ഹര്‍ത്താല്‍ തന്നെയല്ലെയെന്ന് ഒന്നു കൂടി വ്യക്തത വരുത്തി. അണ്ടര്‍ 17 ലോകകപ്പിനെ ഈ ഹര്‍ത്താല്‍ ബാധിക്കില്ലേ എന്ന ചോദ്യത്തിന് ഒഴിഞ്ഞു മാറിയ ചെന്നിത്തല പതിയെ സ്ഥലം വിട്ടു. എന്നാല്‍ വൈകാതെ തന്നെ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തു. എന്നിട്ടങ്ങു പ്രഖ്യാപിച്ചു. കൊച്ചിയില്‍ ലോകകപ്പ് പ്രമാണിച്ച് ഹര്‍ത്താല്‍ 3 മണി വരെയായി ചുരുക്കിയിരിക്കുന്നു.
അപ്പോ പിന്നെ മലപ്പുറത്തു നിന്നു കളി കാണാന്‍ വരുന്നവര്‍ എന്തുചെയ്യും. വ്യക്തമായ ഉത്തരം നല്‍കാതെ അപ്പോഴും തടിതപ്പി. ഒടുവില്‍ രാത്രി എട്ടുമണിക്ക് വന്ന അറിയിപ്പ് ഇങ്ങനെ ഹര്‍ത്താല്‍ 12ാം തിയതിയിലേക്ക് മാറ്റിയിരിക്കുന്നു, ഹാവൂ… എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല പിന്നേം മാറ്റി തിയ്യതി. അടുത്ത അറിയിപ്പില്‍ ഹര്‍ത്താല്‍ 16ാം തിയ്യതിലേക്ക് മാറ്റിയിരിക്കുന്നു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ പ്രതികൂട്ടിലാക്കി ഹര്‍ത്താല്‍ നടത്തി വേങ്ങരയില്‍ വോട്ട് പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രം തിരിച്ചടിച്ചു. എന്നു മാത്രമല്ല ഹര്‍ത്താല്‍ പ്രഖ്യാപനം തന്നെ തമാശയായി.
അതിനിടെ ഹര്‍ത്താലിനെതിരെ സംസാരിക്കുന്നവര്‍ തന്നെ ഹര്‍ത്താല്‍ നടത്തുന്നു എന്ന ആരേപണങ്ങളെ ഹര്‍ത്താല്‍ നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന മറുപടി നല്‍കി കൊണ്ട് ചെന്നിത്തല നേരിടുകയും ചെയ്തു. ഇനി 16ന് ഈ ഹര്‍ത്താല്‍ എന്തെങ്കിലും പേര് പറഞ്ഞു മാറ്റുമോ എല്ലാവരും കൂടി മാറ്റിക്കുമോ എന്നെല്ലാം കണ്ടറിയാം.